കൂത്താട്ടുകുളത്തെ രാഷ്ട്രീയ സംഘര്‍ഷത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് പ്രാഥമിക കണ്ടെത്തല്‍. വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റൂറല്‍ പൊലീസ് അഡീഷനല്‍ എസ്പി തയ്യാറാക്കിയ റിപ്പോര്‍ട്ട്, ജില്ലാ പൊലീസ് മേധാവി ഡിഐജിക്ക് കൈമാറി. സംഘര്‍ഷം തടയുന്നതില്‍ പൊലീസ് ഗുരുതരമായ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തല്‍. നഗരസഭ കൗണ്‍സിലറായ കലാരാജുവിനെ തട്ടിക്കൊണ്ടുപോകാന്‍ സിപിഎമ്മിനെ പൊലീസ് സഹായിച്ചുവെന്ന് പ്രതിപക്ഷം നേരത്തെ ആരോപണം ഉയര്‍ത്തിയിരുന്നു.
നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് മുന്‍പാണ് കലാരാജുവിനെ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഔദ്യോഗിക വാഹനത്തില്‍ 'തട്ടിക്കൊണ്ട്' പോയത്. പിന്നാലെ കലാ രാജുവിനെ കാണാനില്ലെന്ന് കാണിച്ച് മകള്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയും യുഡിഎഫ് വലിയ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തിരുന്നു. തന്‍റെ വസ്ത്രം വലിച്ചുകീറിയെന്നും അപമാനിച്ചുവെന്നും കലാരാജു മാധ്യമങ്ങളോട് പറഞ്ഞിട്ടും പൊലീസ് കേസെടുക്കാന്‍ വിമുഖത കാട്ടിയിരുന്നു. കേസിന്‍റെ അന്വേഷണത്തില്‍ സിപിഎം നേതാക്കളെ പൊലീസ് സംരക്ഷിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉന്നയിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് നടപടിയെടുക്കാന്‍ തയ്യാറായതെന്നും പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആരോപണം ഉയര്‍ത്തിയിരുന്നു. നാല് കേസുകളാണ് കൂത്താട്ടുകുളം നഗരസഭയിലെ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.