kerala-liquor-price-hike-finance-department

ബജറ്റിനു തൊട്ടുമുന്‍പുള്ള മദ്യത്തിന്‍റെ വിലവര്‍ധന ധനവകുപ്പറിയാതെ . വിലവര്‍ധിപ്പിച്ചശേഷമാണ് ബവ്കോ എം.ഡിയടക്കമുള്ളവര്‍ വിലവര്‍ധയുടെ സാഹചര്യം ധനവകുപ്പിനെ ബോധ്യപ്പെടുത്തിയത്. എന്നാല്‍ വിലവര്‍ധന അറിയേണ്ടതില്ലെന്നാണ് ധനവകുപ്പിന്‍റെ പ്രതികരണം.

വിവിധ ബ്രാന്‍ഡുകള്‍ക്കനുസരിച്ച് പത്തു രൂപ മുതല്‍ 50 രൂപ വരെയാണ് മദ്യത്തിന് വിലവര്‍ധിപ്പിച്ചത്. സാധാരണ  ധനവകുപ്പുകൂടി അറിഞ്ഞാണ് മദ്യത്തിന്‍റെ വിലവര്‍ധിപ്പിക്കുക. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്നു മാത്രമല്ല വിലവര്‍ധിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയ ശേഷമാണ് ധനവകുപ്പ് അറിഞ്ഞത്. ബജറ്റിനു തൊട്ടുമുന്‍പുള്ള വിലവര്‍ധന എന്തിനെന്നു ആരാഞ്ഞപ്പോഴാണ് സാഹചര്യം ബവ്കോ എം.ഡിയടക്കമുള്ളവര്‍ ധനവകുപ്പിനെ ബോധ്യപ്പെടുത്തിയത്.

രാജ്യത്ത് തന്നെ ഏറ്റവും ഉയര്‍ന്ന നികുതിയായ 251 ശതമാനമാണ് സംസ്ഥാനത്ത് ഈടാക്കുന്നത്. ഇതിന് പുറമേയാണ് ഇപ്പോഴുള്ള വിലവര്‍ധന. സ്പിരിറ്റിനുള്‍പ്പെടെയുള്ള വിലവര്‍ധിച്ചതു ചൂണ്ടിക്കാട്ടിയുള്ള മദ്യ കമ്പനികളുടെ ആവശ്യപ്രകാരമാണ് വിലവര്‍ധനയെന്നാണ് ന്യായീകരണം.

എന്നാല്‍ മദ്യകമ്പനികള്‍ ഈ അടുത്തൊന്നും അക്കാര്യം പരസ്യമായി ആവശ്യപ്പെട്ടിരുന്നില്ല. മാത്രമല്ല നികുതി പരിഷ്കരണത്തിനു പകരം ബവ്കോയ്ക്ക് നല്‍കുന്ന മദ്യത്തിനു 10 ശതമാനം വിലവര്‍ധിപ്പിച്ചു നല്‍കുകയാണിപ്പോള്‍. വിലവര്‍ധനയിലൂടെ ലഭിക്കുന്ന വിറ്റുവരവിനു കൂടി നികുതി ബവ്കോ സര്‍ക്കാരിനു നല്‍കുമ്പോള്‍  വില വര്‍ധന  ബവ്കോയ്ക്ക്    അധിക ബാധ്യതയാകുമെന്നും സൂചനയുണ്ട്. 

ENGLISH SUMMARY:

The price hike of liquor just before the budget was implemented without the knowledge of the Finance Department. Bevco officials, including the MD, informed the department only after the hike. However, the Finance Department responded that prior intimation was not necessary.