സ്വകാര്യ സര്‍വകലാശാലയ്ക്ക് അനുമതി നല്‍കിയതിനെ ന്യായീകരിച്ച് മന്ത്രി ആര്‍ ബിന്ദു. സിപിഎം നിലപാട് അതതു കാലഘട്ടത്തിന് ചേര്‍ന്നതെന്ന് വിശദീകരണം. 30 വര്‍ഷം മുന്‍പ് എതിര്‍ത്തു. ഇപ്പോള്‍ കാലാനുസൃതമായ മാറ്റം അനിവാര്യം. ഓരോന്നിനും ഓരോ സമയമുണ്ടെന്നും മന്ത്രി പറഞ്ഞു. ഇനിയും സ്വകാര്യ സര്‍വകലാശാല വന്നില്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ ഒറ്റപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നു
ഇടത് നയത്തില്‍ വലിയ മാറ്റമായി സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാലകളില്‍ വരുന്നു. സ്വകാര്യസര്‍വകലാശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന ബില്‍ ഈ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. നാല് അപേക്ഷകളാണ് സര്‍ക്കാരിന് മുന്നിലുള്ളത്.
കടുത്ത പ്രതിഷേധമായിരുന്നു സ്വകാര്യ – വിദേശ സര്‍വകലാശാലകള്‍ കൊണ്ടുവരുന്നതിനെതിരെ ഇടത് വിദ്യാര്‍ഥി, യുവജന സംഘടനകള്‍ ഉയര്‍ത്തിയത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ടിപി ശ്രീനിവാസനെ ആക്രമിക്കുന്നതില്‍വരെയെത്തിയ എതിര്‍പ്പാണ് ഇപ്പോള്‍ അപ്രത്യക്ഷമായത്. സ്വകാര്യസര്‍വകലാശലകള്‍ സംസ്ഥാനത്തിന് അനിവാര്യമെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. കൂടുതല്‍ മുതല്‍മുടക്കും പുതിയസംവിധാനങ്ങളും ഉന്നത വിദ്യാഭ്യാസ രംഗത്ത് വേണമെന്നാണ് പിണറായി സര്‍ക്കാരിന്‍റെ നയം.
ഇതോടെ സിപിഎമ്മിലും പോഷക സംഘടനകളും ഉള്ള എല്ലാ എതിരഭിപ്രായവും അവസാനിച്ചു. സിപിഐ മാത്രമാണ് ചെറിയ എതിര്‍പ്പ് പ്രകടിപ്പിക്കുന്നത്. അവരുടെ അഭിപ്രായം കണക്കിലെടുത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി വഹിക്കാന്‍ ഉദ്ദേശിച്ചിരുന്ന വിസിറ്റര്‍ പദവി വേണ്ടെന്നുവെച്ചു.സ്വകാര്യ സര്‍വകലാശാലകളില്‍ സര്‍ക്കാരിന്‍രെ നേരിട്ടുള്ള ഇടപെടല്‍വേണ്ടെന്നാണ് സിപിഐയുടെ നിലപാട്.
സംവരണം പാലിക്കണം, ഉന്നത നിലവാരം പുലര്‍ത്തണം, പ്രവേശനം മെറിറ്റടിസ്ഥാനത്തിലാകണം എന്നിവയും സര്‍ക്കാര്‍മുന്നോട്ട് വെക്കുന്നുണ്ട്. നാല് അപേക്ഷകളാണ് സര്‍ക്കാരിന്‍റെ പരിഗണനയിലുള്ളത്. മൂന്നെണ്ണം കേരളത്തിലെ പ്രധാന സ്വകാര്യ കോളജുകളുടേതാണ്. ഒരെണ്ണം കേരളത്തിന് പുറത്തുള്ള സര്‍വകലാശാലയുടേതും. ഇവയില്‍ എത്രഎണ്ണം വരും നാളുകളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഇനികാണേണ്ടത്.