ഡാമിന് നടുവില്‍ പാറക്കൂട്ടം തെളിയുന്നതും ചെളിയടിഞ്ഞ തീരവും മലമ്പുഴയുടെ കാര്യത്തില്‍ നല്ല ലക്ഷണങ്ങളല്ല. ഡാമിലെ ജലനിരപ്പ് കാര്യമായി താഴ്ന്നതിന്‍റെ സൂചനയാണിത്. കർഷകർക്ക് ഒരു തുള്ളി പോലും അധികം നൽകാനാവില്ല. കനാല്‍വഴിയുള്ള ജലവിതരണവും ഒരാഴ്ചയ്ക്കുള്ളില്‍ നിര്‍ത്തും. രണ്ടാംവിള കൊയ്ത്തിന് ഇനിയും സമയമുള്ളതിനാല്‍ സഹായിക്കണമെന്ന് കര്‍ഷകര്‍ ആവര്‍ത്തിച്ചിട്ടും ജലസേചനവകുപ്പ് കേട്ട മട്ടില്ല. ഫെബ്രുവരി പകുതിക്ക് മുന്‍പ് തന്നെ മലമ്പുഴ ഡാമിലെ ജലനിരപ്പിന്‍റെ കാര്യത്തില്‍ ഈ ആശങ്കയുണ്ടെങ്കില്‍ കിൻഫ്ര വഴി മദ്യ നിര്‍മാണ കമ്പനിക്ക് നൽകാമെന്നേറ്റ പത്ത് ദശലക്ഷം വെള്ളത്തിനുള്ള വഴി വേറെ കാണേണ്ടി വരും.
മലമ്പുഴ ഡാമിലേക്കുള്ള കൈവഴികള്‍ വറ്റി വരണ്ടതിനാലും ചൂട് കൂടി വനം കത്തുന്ന സ്ഥിതിയെത്തിയതും പ്രതിസന്ധിയുടെ ആഴം കൂട്ടും. മലമ്പുഴ ഡാമിൻ്റെ തീരത്ത് ഇതിനകം കുടിവെള്ള പ്രതിസന്ധി തുടങ്ങിയതായും കുഴികുത്തി വെള്ളം കണ്ടെത്തുന്ന പതിവ് ഇത്തവണയും വേണ്ടിവരുമെന്ന് ഭയക്കുന്നതായി നാട്ടുകാര്‍.
'ഇപ്പോള്‍ തന്നെ മലമ്പുഴയുടെ പരിസരത്ത് കുടിവെള്ളം കിട്ടാത്ത സ്ഥിതിയുണ്ട്. നേരത്തെ വേനലായാല്‍ ഡാമില്‍ കുഴികുത്തി വെള്ളം ശേഖരിക്കേണ്ട സ്ഥിതിയാണ്. ഇതിന് ഇത്തവണയും മാറ്റമുണ്ടാകാന്‍ സാധ്യതയില്ല' - വി.നൂര്‍ മുഹമ്മദ്, നാട്ടുകാരന്‍
മലമ്പുഴയിലെ വെള്ളം കുടിവെള്ളത്തിനും, കൃഷിക്കും മാത്രമായി നിജപ്പെടുത്തിയാല്‍ പോലും തികയാതെ വരുന്ന സ്ഥിതിയെന്ന് ജലസേചന വകുപ്പ്. വനമേഖലയില്‍ നിന്നും ഒഴുകിയെത്തുന്ന ഒന്നാം പുഴ ഉള്‍പ്പെടെ നീര്‍ച്ചാലായി മാറുന്ന ഘട്ടത്തില്‍ മലമ്പുഴയെ സമ്പന്നമാക്കാന്‍ മാനത്ത് മഴക്കാറ് കാണണമെന്ന് വ്യക്തം.