വയനാട്ടിലെ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താലിനിടെ സംഘര്‍ഷം. ജില്ലാ അതിര്‍ത്തിയായ ലക്കിടിയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. ഇത് പൊലീസ് തടഞ്ഞതോടെ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ബത്തേരിയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞു. താമരശേരി ചുരത്തില്‍ ഗതാഗത തടസം അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
രാവിലെ ആറുമണിയോടെയാണ് ഹര്‍ത്താല്‍ തുടങ്ങിയത്. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം ഹര്‍ത്താലില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷനും സഹകരിക്കുന്നില്ല. ജനജീവിതം സ്തംഭിപ്പിക്കുന്ന സമരരീതിയോട് യോജിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.