കോഴിക്കോട് ചേവരമ്പലത്ത് ദേശീയ പാത നിർമാണത്തിന്‍റെ ഭാഗമായി എടുത്ത കുഴിയിൽ വീണ് മരിച്ച രഞ്ജിത്തിന്‍റെ കുടുംബത്തിനെ തിരിഞ്ഞു നോക്കാതെ സർക്കാർ. രഞ്ജിത്ത് മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കുടുംബത്തിന്‍റെ മൊഴി എടുക്കാൻ പൊലീസും എത്തിയില്ല. നീതി ആവശ്യപെട്ട് കുടുംബം മുഖ്യമന്ത്രി പരാതി നൽകി.
ചേവരമ്പലത്തെ കുഴിയിൽ വീണ് രഞ്ജിത്ത് മരിച്ചിട്ട് രണ്ട് ആഴ്ചയാവുന്നു. സാന്ത്വനമാകേണ്ട സർക്കാർ സംവിധാനങ്ങൾ പ്രിയയെയും അഞ്ചു വയസുകാരി ഐതികയെയും തിരിഞ്ഞു നോക്കിയില്ല, പക്ഷേ മുഖ്യമന്ത്രിയെ കാണാൻ പ്രിയ ഇന്നലെ കോഴിക്കോട്ടെക്ക് വന്നു എന്നാൽ കാണാൻ സാധിച്ചില്ല, രഞ്ജിത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ടുള്ള പരാതി മുഖ്യമന്ത്രിയുടെ സ്റ്റാഫിനെ ഏൽപ്പിച്ചു മടങ്ങി. എൻ എച്ച് എ ഐ യുടെയും പൊലീസിൻ്റെയും അനാസ്ഥ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ളതാണ് പരാതി.
രഞ്ജിത്ത് കുഴിയിൽ വീണ് മരിച്ചത് അയാളുടെ വീഴ്ച കൊണ്ടല്ല. കുഴി ഒരുക്കിയവരുടെ അനാസ്ഥകൊണ്ടാണെന്ന് നേരത്തെയും പറഞ്ഞതാണ്. പക്ഷേ കാണേണ്ടവർ കണ്ടില്ല.വീണ്ടും ആവർത്തിക്കട്ടെ നിയമത്തിന്‍റെ നൂലാമാലകളോ വാഗ്ദാനങ്ങളുടെ കെട്ടുറപ്പില്ലായ്മയോ ആ കുടുംബത്തിന് വേണ്ട. പോയ ആൾക്ക് ഒന്നും പരിഹാരവുമാകില്ല. പക്ഷേ അർഹതപ്പെട്ട സഹായം താങ്ങായും തണലായും വേണം. കേരളത്തിന്‍റെ മുഖ്യമന്ത്രിയിൽ അവർ പ്രതീക്ഷവയ്ക്കുന്നുണ്ട്.