എസ്.എഫ്.ഐ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സിദ്ധാര്‍ഥന്‍റെ മരണത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ തന്നെ സംഘടനയുടെ 35-ാം സംസ്ഥാന സമ്മേളനത്തിന് പതാക ഉയരുന്നു. ക്യാംപസുകളിലും പുറത്തും സംഘടന ഏറെ ആക്ഷേപങ്ങള്‍ നേരിടുന്ന കാലത്ത് നടക്കുന്ന സമ്മേളനത്തില്‍ നിലവിലുള്ള നേതൃത്വത്തിന് മാറ്റമുണ്ടായേക്കും . നല്ല വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നുവെന്നും സ്വയം വിമര്‍ശനപരമായി തന്നെയാണ് സംഘടന മുന്നോട്ട് പോകുന്നതെന്നും സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ വ്യക്തമാക്കി.
ഒന്നാം ചരമവാര്‍ഷിക ദിനത്തില്‍ സിദ്ധാര്‍ഥന്‍റ ജില്ലയായ തിരുവനന്തപുരത്തു തന്നെ എസ്എഫ്ഐ സമ്മേളനത്തിന് പതാക ഉയരുന്നത് യാദൃശ്ചികമാവാം. പക്ഷെ സംഘടനയ്ക്ക് ഏറെ തിരുത്തലുകള്‍ വേണമെന്ന് സിപിഎമ്മില്‍ നിന്ന് പലതവണ ആവശ്യമുയര്‍ന്നിട്ടും വീണ്ടും വിവാദങ്ങളിലാണ് എസ് എഫ് ഐയും നേതൃത്വവും. സിദ്ധാര്‍ഥന്‍റെ മരണം മാത്രമല്ല പി എം ആര്‍ഷോ ഉള്‍പ്പട്ടെ മാര്‍ക്ക് ലിസ്റ്റ് വിവാദം, തിരുവനന്തപുരത്ത്എസ്എഫ്ഐ നേതാക്കള്‍ ഉള്‍പ്പടെ ലഹരി വിവാദങ്ങള്‍, കാര്യവട്ടം ക്യാംപസിലെ ഇടിമുറി തുടങ്ങിയവ എസ് എഫ് ഐക്ക് നാണക്കേടുണ്ടാക്കിയിരുന്നു. ഏറ്റവുമൊടുവില്‍ കോട്ടയം നഴ്സിങ് കോളജിലെ റാഗിങ്ങിലെ ഒരു പ്രതിക്ക് എസ്എഫ്ഐയുടെ നഴ്സിങ് സംഘടനയുമായിബന്ധമുണ്ടെന്നുള്ള ആക്ഷേപവും നിലനില്‍ക്കുന്നു.
എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കാന്‍ പ്രായപരിധിയില്ലെങ്കിലും സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് പി എം ആര്‍ഷോ മാറിയേക്കും. സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് കെ അനുശ്രീ തുടരുകയോ സെക്രട്ടറിയായി അനുശ്രീ എത്തുകയോ ചെയ്യാം. എന്നാല്‍ ആകെ സംസ്ഥാനതലത്തില്‍ പുതുനിര വേണമെന്ന അഭിപ്രായം സിപിഎമ്മിലുണ്ട്.