മണിയന്‍കുന്ന് സ്വദേശി സുധീഷ്. ഒട്ടേറെ കേസുകളില്‍ പ്രതി . കഴിഞ്ഞ തിങ്കളാഴ്‌ച രാവിലെയാണ് സുധീഷ് പഞ്ചാരക്കൊല്ലിക്കു സമീപം കമ്പമലക്ക് ആദ്യം തീകൊളുത്തിയത്. ചൊവ്വാഴ്‌ച വീണ്ടും കത്തിച്ചു. 30 ഹെക്‌ടറോളം പുല്‍മേടു കത്തി നശിച്ചു. ആറു മണിക്കൂര്‍ ശ്രമത്തിനൊടുവിലാണ് തീഅണക്കാനായത്. പിറ്റേന്ന് അതേ മേഖലയില്‍ വീണ്ടും തീപടര്‍ന്നതോടെ വനപാലകര്‍ നടത്തിയ അന്വേഷണത്തിലാണ് കാട്ടുതീ മനുഷ്യ നിര്‍മിതമെന്ന് മനസിലായത്. രണ്ടു ദിവസങ്ങളിലായി തീ പടര്‍ത്തിയ സുധീഷ് മൂന്നാമതും കത്തിക്കാനായി എത്തിയതോടെയാണ് വനപാലകരുടെ ശ്രദ്ധയില്‍ പെടുന്നതും പിടിയിലാകുന്നതും
ഇന്നലെ തീ പടര്‍ന്ന മേഖലകളില്‍ തിരച്ചില്‍ നടത്തി വന്ന വനം വകുപ്പ് സംഘത്തിനു മുന്നില്‍ പെട്ട സുധീഷ് കാട്ടിലേക്ക് ഓടി, പിന്നാലെ വനപാലകരും. ഏറെ ദൂരം ഓടിയ സുധീഷ് ആനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു. വനമേഖലയില്‍ നിലയുറപ്പിച്ച പത്തിലധികം വരുന്ന ആനക്കൂട്ടത്തിനു സമീപത്തേക്ക് സുധീഷ് അബദ്ധത്തില്‍ ഓടികയറുകയായിരുന്നു. സാഹസികമായ ശ്രമത്തിനൊടുവിലാണ് സുധീഷിനെ വനപാലകര്‍ക്ക് പിടിക്കാനായത്. പിന്നീട് ബേഗൂര്‍ റെയിഞ്ച് ഓഫിസിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലില്‍ കാര്യങ്ങളില്‍ വ്യക്തത വന്നു. വീട്ടില്‍ കഞ്ചാവ് കൃഷി ചെയ്‌തതടക്കം 5 കേസുകളില്‍ പ്രതിയായ സുധീഷ് വനത്തിനുള്ളില്‍ ഒളിച്ചു താമസിക്കുകയായിരുന്നു. പകലില്‍ കാടിലൂടെ കറങ്ങി നടന്ന് രാത്രി സമീപത്തെ ഒഴിഞ്ഞ പാടികളില്‍ കഴിയാറാണ് പതിവ്. താന്‍ കഴിയുന്നിടത്തേക്ക് വന്യജീവികള്‍ വരാതിരിക്കാനായിരുന്നത്രെ തീയിട്ടത് . .
ഫേസ്‌ബുക്കില്‍ തന്‍റെ ഫോട്ടോക്കൊപ്പം കുറിപ്പ് പങ്കുവെച്ചായിരുന്നു 'കത്തിക്കല്‍'. This is my last post, end of my life..എന്നായിരുന്നു മലമുകളിലെ സെല്‍ഫി വെച്ചുള്ള പോസ്റ്റ്. പോസ്റ്റിട്ട ശേഷം പുല്‍മേടുകളില്‍ തീവെക്കുകയും പിന്നീട് ഓടി മറിയുകയുമായിരുന്നു. വനപാലകരും അഗ്നിരക്ഷാ സേനയും ഓടിയെത്തുന്നതും തീഅണക്കാന്‍ പാടുപെടുന്നതും സുധീഷ് മാറി നിന്നു കാണുന്നുണ്ടെന്നാണ് വിവരം.
എന്നാല്‍ സുധീഷിന്‍റെ മൊഴി വനംവകുപ്പ് പൂര്‍ണമായി വിശ്വാസത്തിലെടുക്കുന്നില്ല. കാട്ടില്‍ തീവെച്ചതിനു മറ്റെന്തിങ്കിലും ഉദ്ദേശമുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ബേഗൂര്‍ റെയിഞ്ച് ഓഫിസര്‍ രഞ്ജിത്തിന്‍റെ നേതൃത്വത്തിലുള്ള വനപാലകസംഘമാണ് സുധീഷിനെ വലയിലാക്കിയത്.