കൈക്കൂലിക്കേസിൽ വിജിലൻസിന്റെ പിടിയിലായ എറണാകുളം ആർടിഒയ്ക്ക് 80 ലക്ഷത്തിന്‍റെ നിക്ഷേപം. വൻതോതിൽ സ്വത്തുക്കൾ വാങ്ങിക്കൂട്ടിയതായും വീട്ടിൽ പതിനഞ്ച് മണിക്കൂറിലേറെ നീണ്ട റെയ്ഡിൽ കണ്ടെത്തി. കൈക്കൂലി പിരിച്ചെടുക്കാൻ ആർടിഒ ഇടനിലക്കാരെയും നിയോഗിച്ചിരുന്നതായി വിജിലൻസ് എസ്പി എസ്. ശശിധരൻ മനോരമ ന്യൂസിനോട് പറഞ്ഞു. ആര്‍ടിഒയ്ക്കെതിരെ പൊലീസ് അബ്കാരി കേസും രജിസ്റ്റര്‍ ചെയ്തു.
ചെറുതും വലുതുമായും പൊട്ടിച്ചതും പൊട്ടിക്കാത്തതുമായ 76 വിദേശ നിര്‍മിത മദ്യകുപ്പികള്‍ വീട്ടിൽ. ഇതിന് പുറമെ നൂറിലേറെ കാലിക്കുപ്പികള്‍ വേറെ. വിവിധ ബാങ്കുകളിൽ ഭാര്യയുടെയും മക്കളുടെയും പേരില്‍ 80 ലക്ഷത്തിന്‍റെ നിക്ഷേപം. ചുരുട്ടി റബര്‍ബാന്‍ഡിട്ട് കെട്ടിയ നോട്ടുകള്‍ മൂന്ന് കവറുകളില്. ഇങ്ങനെ കണ്ടെത്തിയത് 64000 രൂപ. ആര്‍ടിഒ ടി.എം ജെര്‍സന്‍റെ എളമക്കരയിലെ വീട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച റെയ്ഡ് അവസാനിച്ചത് വ്യാഴാഴ്ച രാവിലെ പത്തിന്. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ജെര്‍സന്‍റെ കൈക്കൂലിയിടപാടുകളെന്ന് വ്യക്തമാക്കുന്ന ധനസമ്പാദനത്തിന്‍റെ കണക്കുകള്‍.
പിടിച്ചെടുത്ത മദ്യം വിജിലന്‍സ് എളമക്കര പൊലീസ് സ്റ്റേഷനില്‍ ഏല്‍പിച്ചു. ലൈസന്‍സില്ലാതെ അനുവദനീയമായതില്‍ കൂടുതല്‍ മദ്യം വീട്ടില്‍ സൂക്ഷിച്ചതിനാണ് കേസ്. പിടികൂടിയ കുപ്പികളില്‍ ചുരുങ്ങിയത് 100 ലിറ്ററെങ്കിലും മദ്യമുണ്ട്. ഏജന്‍റുമാരില്‍ നിന്ന് പണം പിരിക്കാന്‍ ജെര്‍സന്‍ നിയോഗിച്ച ഇടനിലക്കാരനാണ് പിടിയിലായ ഏജന്‍റ് സജി. താത്കാലിക പെര്‍മിറ്റ് പുതുക്കി നല്‍കാന്‍ ഇരുപതിനായിരം രൂപയും ഒരു കുപ്പി മദ്യവുമാണ് ജെര്‍സന്‍ സജി വഴി കൈക്കൂലിയായി വാങ്ങിയത്.
അറസ്റ്റിലായ ഏജന്‍റുമാര്‍ രാമപടിയാര്‍, സജി എന്നിവരെ റിമാന്‍ഡ് ചെയ്തു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയുണ്ടാകുമെന്നും വിജിലന്‍സ് എസ്പി വ്യക്തമാക്കി.