പൂച്ചയെ പിടിക്കാനായി ചാടുന്നതിനിടെ പാലക്കാട് നെല്ലിയാമ്പതിയിലെ ജനവാസമേഖലയിലെ കിണറില്‍പ്പെട്ട പുലിയെ കൂട്ടിലാക്കി കാട്ടില്‍ വിട്ടു. വൈകിട്ടോടെ കിണറ്റില്‍ വീണ ആണ്‍ പുലിയെ ആറ് മണിക്കൂറിന് ശേഷമാണ് വനംവകുപ്പിന് കരയിലെത്തിക്കാനായത്. ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് തെളിഞ്ഞതിന് പിന്നാലെ രാത്രിയില്‍ത്തന്നെ പുലിയെ പറമ്പിക്കുളം വനമേഖലയിലെത്തിച്ച് സ്വതന്ത്രമാക്കി.
കിണറ്റില്‍ അകപ്പെട്ടിട്ടും ശൗര്യത്തിന് യാതൊരു കുറവുമില്ല. പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ കിണറിലാണ് പുലി അകപ്പെട്ടത്. പുലിയെ കരയ്ക്കെത്തിക്കാന്‍ വനംവകുപ്പിന്‍റെ ശ്രമം. ടയര്‍ കയറില്‍കെട്ടി കിണറിലേക്ക് ഇറക്കിയതിനൊപ്പം പലകയുടെ താങ്ങും പുലി താഴ്ചയിലേക്ക് പോകാതെ നോക്കാനുള്ള വഴികളായി. ഒന്‍പത് മണിയോടെ കൂട് എത്തിച്ചെങ്കിലും വീണ്ടും കാത്തിരുന്നു മൂന്ന് മണിക്കൂറിലേറെ. ഒടുവില്‍ കിണറിലേക്കിറക്കിയ കൂട്ടില്‍ കയറി പുലി മുകളിലേക്ക്.
എട്ട് വയസ് പ്രായം തോന്നിക്കുന്ന ആണ്‍പുലിക്ക് പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങള്‍ കണ്ടില്ല. പിന്നാലെ രാത്രിയില്‍ പറമ്പിക്കുളം വനമേഖലയിലെത്തിച്ച് തുറന്ന് വിട്ടു. രക്ഷാപ്രവര്‍ത്തനം വൈകുന്നതിലും പതിവായി പുലി ജനവാസമേഖലയില്‍ പ്രത്യക്ഷപ്പെടുന്നതിലും ജനങ്ങള്‍ പ്രതിഷേധിച്ചു.