rajeev-kerala-development

സംസ്ഥാനം നന്നായി മാറിയെന്നും നാടാകെ ഒറ്റക്കെട്ടായി വികസനത്തിനായി പരിശ്രമിക്കുകയാണെന്നും നല്ല നിക്ഷേപം കൊണ്ടുവരാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും വ്യവസായമന്ത്രി പി.രാജീവ്. ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റിന് മുന്നോടിയായി മനോരമന്യൂസിനോട് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിവന്നിരുന്ന ശ്രമങ്ങള്‍ ഫലം കണ്ടുതുടങ്ങിയെന്ന് വേണം കരുതാന്‍. നമ്മുടെ ചെറുപ്പക്കാര്‍ തൊഴില്‍ തേടി ഇനി അലയേണ്ടി വരില്ലെന്നും മന്ത്രി മനോരമന്യൂസിനോട് പറഞ്ഞു. എത്ര നിക്ഷേപം എന്നതിനപ്പുറത്തേക്ക് നിക്ഷേപകര്‍ക്ക് കേരളം വിസിബിളായെന്നും എല്ലാം യാഥാര്‍ഥ്യമായില്ലെങ്കിലും യാഥാര്‍ഥ്യമാകുന്നതിന്‍റെ അളവ് കൂടുതലായിരിക്കുമെന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. 

കാറ്റഗറി ഒന്നിലെ റെഡ്, യെലോ സംരംഭങ്ങള്‍ക്ക് തദ്ദേശ അനുമതി വേണമെന്നതില്‍ ആശങ്ക വേണ്ടെന്നും അനുമതിക്ക് വേണ്ട നടപടിക്രമങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകജാലകത്തില്‍ റെഡ് കാറ്റഗറി അനുവദിക്കുന്നില്ല. നല്ല തീരുമാനങ്ങളാണ് തദ്ദേശവകുപ്പ് എടുത്തതെന്നും റവന്യൂവകുപ്പും നല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുന്നുവെന്നും ഒന്നിച്ച് ഒരു ടീമായാണ് സര്‍ക്കാര്‍ പോകുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കിറ്റക്സിനെ ഇന്‍വെസ്റ്റ് കേരള ഉച്ചകോടിയിലേക്ക് ക്ഷണിച്ചില്ലെന്ന സാബു എം.ജേക്കബിന്‍റെ ആരോപണങ്ങള്‍ മന്ത്രി തള്ളി. കിറ്റക്സ് ഗ്രൂപ്പിനെ ക്ഷണിച്ചിരുന്നുവെന്നും ഇന്നലെ ഉദ്യോഗസ്ഥര്‍ വന്നിരുന്നുവെന്നും മന്ത്രി വെളിപ്പെടുത്തി. ഇൻവെസ്റ്റ് കേരള സർക്കാർ ചെലവിൽ നടത്തുന്ന തെരഞ്ഞെടുപ്പ് ക്യാംപയിനാണെന്നായിരുന്നു കിറ്റക്സ് എംഡിയും ട്വന്റി ട്വന്റി ചീഫ് കൊ-ഓർഡിനേറ്ററുമായ സാബു എം.ജേക്കബിന്‍റെ ആരോപണം. ഇത് ജനങ്ങളെ പറ്റിക്കുന്ന പരിപാടിയാണെന്നും മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കും ഓശാന പാടുന്നവർക്കാണ് പരിപാടിയിലേക്ക് ക്ഷണമെന്നും  തന്നേപോലുള്ള യഥാർഥ നിക്ഷേപകരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തത് അതുകൊണ്ടാണെന്നും സാബു എം.ജേക്കബ് മനോരമ ന്യൂസിനോട് പറഞ്ഞിരുന്നു.

ENGLISH SUMMARY:

The state has progressed significantly, and the entire region is united in its efforts for development, said Industries Minister P. Rajeev. He expressed hope that Kerala could attract substantial investments. The minister was speaking to Manorama News ahead of the Invest Kerala Global Summit.