File Photo
കേരളത്തില്‍ വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ആഹ്വാനം ചെയ്ത് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. 31 പദ്ധതികളിലായി 51,000 കോടിയുടെ നിക്ഷേപമാണ് ഇന്‍വെസ്റ്റ് കേരള വേദിയില്‍ കേന്ദ്രമന്ത്രി പ്രഖ്യാപിച്ചത്. ഓണ്‍ലൈനായി ആശംസ അറിയിക്കവേയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. പാലക്കാട്–മലപ്പുറം ബൈപ്പാസിന് 10,000 കോടി രൂപ, തിരുവനന്തപുരം ഔട്ടര്‍ റോഡിന് 5000 കോടി, അങ്കമാലി ബൈപ്പാസിന് 6000 കോടി എന്നിങ്ങനെയും തുക പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ ഉറച്ച പിന്തുണ നല്‍കുമെന്നും രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യം കേരളത്തില്‍ ഒരുക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം വാഗ്ദാനംചെയ്തു.
കേരളത്തില്‍ പണം നിക്ഷേപിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഉറച്ച പിന്തുണ ലഭ്യമാക്കുമെന്ന് വ്യവസായ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞു. ഇന്ത്യ പുരോഗമിക്കുമ്പോള്‍ കേരളത്തിന് എങ്ങനെ പിന്തിരിഞ്ഞ് നില്‍ക്കാനാകുമെന്ന് ചോദിച്ച അദ്ദേഹം സില്‍വര്‍ലൈനെ അനുകൂലിച്ചും സംസാരിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതിയെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നത് ഇതാദ്യമായാണ്. സില്‍വര്‍ലൈന്‍ യാത്രാസമയം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.രാജീവിനെ മുക്തകണ്ഠം പ്രശംസിക്കാനും പിയൂഷ് ഗോയല്‍ മറന്നില്ല. സഹോദരനെന്ന് അഭിസംബോധന ചെയ്ത അദ്ദേഹം, പി.രാജീവ് മികച്ച പാര്‍ലമെന്‍റേറിയന്‍ ആയിരുന്നുവെന്നും പ്രശംസിച്ചു.