File photo
അര്‍ബന്‍ മാവോയിസത്തിനെതിരെ ജാഗ്രതാ നിര്‍ദേശവുമായി ഡി.ജി.പി. പാലക്കാട്, മലപ്പുറം ജില്ലകളില്‍ പ്രത്യേക നിരീക്ഷണത്തിനും നിര്‍ദേശം. ചില നഗരങ്ങളില്‍ ഗുണ്ടാമാഫിയ ശക്തിപ്പെടുന്നതില്‍ കമ്മീഷണര്‍മാരെ ഡി.ജി.പി വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്ത് കൊലപാതകങ്ങള്‍ കുറഞ്ഞതായും പൊലീസിന്‍റെ വാര്‍ഷിക അവലോകനയോഗത്തില്‍ വിലയിരുത്തല്‍.
നഗരങ്ങള്‍ കേന്ദ്രീകരിച്ച് മാവോയിസം പ്രചരിപ്പിക്കുന്നവരുടെ പ്രവര്‍ത്തനം ചിലയിടങ്ങളിലെങ്കിലും ശക്തിപ്പെടുന്നതായാണ് പൊലീസിന്‍റെ വിലയിരുത്തല്‍. അതിനാലാണ് പാലക്കാട്, മലപ്പുറം ജില്ലകള്‍ക്ക് പ്രത്യേകിച്ചും മറ്റിടങ്ങളില്‍ സാധാരണ ഗതിയിലുമുള്ള ജാഗ്രതയ്ക്ക് ദര്‍വേഷ് സാഹിബ് നിര്‍ദേശിച്ചത്. ആദിവാസികളെ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ആദിവാസികളെ വിശ്വാസത്തിലെടുത്ത് അവരുടെ പ്രശ്നം പരിഹരിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ശ്രമിക്കണമെന്ന ഉപദേശവും ഡി.ജി.പി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ കേസുകളും ഈ വര്‍ഷത്തെ ആക്ഷന്‍ പ്ളാനും തയാറാക്കാനാണ് എസ്.പിമാര്‍ മുതലുള്ള ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൊലപാതകം കേരളത്തില്‍ കുറഞ്ഞെന്ന് വിലയിരുത്തി.
2024ല്‍ 335 കൊലപാതക കേസുകളുണ്ടായി. ഇതിലുള്‍പ്പെട്ട 553 പ്രതികളില്‍ 540 പേരും പിടിയിലായെന്നുമാണ് കണക്ക്. പക്ഷെ ഗുണ്ടാമാഫിയ ചില നഗരങ്ങളില്‍ ശക്തിപ്പെടുന്നുണ്ടെന്ന് പറഞ്ഞ ഡി.ജി.പി ഗുണ്ടകളെ കാപ്പാ ചുമത്തണമെന്നും ഗുണ്ടാബന്ധമുള്ള പൊലീസുകാരെ പുറത്താക്കാനുള്ള ശുപാര്‍ശ തരണമെന്നും എസ്.പിമാരോട് ആവശ്യപ്പെട്ടു. കേരളത്തില്‍ അടുത്തിടെ കണ്ടുവരുന്ന പുതിയൊരു പ്രവണതയായി യോഗം വിലയിരുത്തിയത് വീട്ടുകാരും ബന്ധുക്കളും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൊലപാതകത്തിലും കൂട്ട ആത്മഹത്യയിലുമൊക്കെ കലാശിക്കുന്നതാണ്. അത് തടയാന്‍ അത്തരം പരാതികളില്‍ ശ്രദ്ധയോടെ ഇടപെടാനും തീരുമാനിച്ചു. ലഹരി–സൈബര്‍ കേസുകളില്‍ കര്‍ശന നടപടിക്കും നിര്‍ദേശമുണ്ട്.