സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ അഞ്ച് മരണം. ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കട്ടപ്പനയിൽ കാർ അപകടത്തിൽ യുവാവ് മരിച്ചു. കോട്ടയം വൈക്കത്ത് ബൈക്കിന് തീ പിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇന്നലെ രാത്രി പത്തുമണിക്കാണ് പന്നിയാർകുട്ടിക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞത്. പന്നിയാർകുട്ടി സ്വദേശി ഇടയോടിയിൽ ബോസ് ഭാര്യ റീന എന്നിവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ജീപ്പ് ഓടിച്ച ബന്ധു എബ്രഹാം ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് മരിച്ചത്. ഒളിമ്പ്യൻ കെ എം ബീന മോളുടെയും കെ എം ബിനുവിന്റെയും സഹോദരിയാണ് മരിച്ച റീന. റോഡിന് കുറുകേയിട്ടിരുന്ന ഹോസിൽ കയറിയ വണ്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു
കട്ടപ്പനയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് വള്ളക്കടവ് തണ്ണിപ്പാറ സ്വദേശി റോബിൻ ജോസഫ് അപകടത്തിൽപ്പെട്ടത്. കരിമ്പനപ്പടിയിൽ വെച്ച് കാർ ക്രാഷ് ബാരിയറിൽ ഇടിച്ചു കയറുകയായിരുന്നു. വൈക്കം മുത്തേടത്തുകാവ് റോഡിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ചു തീ പിടിച്ചാണ് ബൈക്ക് ഓടിച്ച ശ്രീഹരി മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്