പ്രസവശേഷം മാതാപിതാക്കൾ കൊച്ചിയിലെ ലൂർദ് ആശുപത്രിയിൽ ഉപേക്ഷിച്ച പെൺകുഞ്ഞ് ഇനി എറണാകുളം ജനറൽ ആശുപത്രിയിൽ സർക്കാർ കരുതലിൽ. കുഞ്ഞിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിൽ ഇല്ല. ഒരുമാസം ചികിത്സയിൽ തുടരേണ്ടി വരുമെന്നാണ് നിഗമനം.
കഴിഞ്ഞ 24 ദിവസമായി ലൂർദ് ആശുപത്രിയിലെ എൻ.ഐ.സി.യുവിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന ആരോഗ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയത്. ജനനസമയത്ത് ഒരു കിലോയിൽ താഴെ മാത്രം തൂക്കം ഉണ്ടായിരുന്ന കുഞ്ഞിന് ഇപ്പോൾ ഒരു കിലോയിൽ അധികം ഭാരം ഉണ്ട്. പൂർണ്ണവളർച്ച എത്താതെ ജനിക്കുന്ന കുട്ടികൾക്ക് ഉണ്ടാവാറുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങൾ കുഞ്ഞിനില്ല.
ഒരു മാസത്തോളം ചികിത്സ തുടരേണ്ടി വരും. ജനറൽ ആശുപത്രിയിൽ മുലപ്പാൽ ബാങ്ക് ഉള്ളതിനാൽ, കുട്ടിക്ക് മുലപ്പാലും നൽകാനാകും. കോട്ടയത്ത് ജോലി ചെയ്തിരുന്ന ജാർഖണ്ട് സ്വദേശികളായ മാതാപിതാക്കൾക്ക് താല്പര്യമുണ്ടെങ്കിൽ കുഞ്ഞിനെ കൈമാറും. ഇല്ലെങ്കിൽ നിയമനടപടികളിലൂടെ കുഞ്ഞിനെ ഏറ്റെടുക്കാനാണ് ശിശുക്ഷേമ സമിതിയുടെ തീരുമാനം. ശിശു ക്ഷേമസമിതി അംഗങ്ങൾ ഇന്ന് കുഞ്ഞിനെ സന്ദർശിക്കും.