പാലക്കാട് തൃത്താലയില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസുകാരന് ദാരുണാന്ത്യം. കുമ്പിടി പുളിക്കല്‍ വീട്ടില്‍ അബ്ബാസ്, റഹീന ദമ്പതികളുടെ മകനായ ഹൈഫാനാണ് മരിച്ചത്. ഹൈഫാന്‍റെ മാതാവ് റഹീനയും ബന്ധുക്കളും ഉള്‍പ്പെടെ ഏഴുപേര്‍ പട്ടാമ്പിയിലെയും കുന്നംകുളത്തെയും സ്വകാര്യ ആശുപത്രികളില്‍ ചികില്‍സയിലാണ്.
പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്ന കാറും പൊന്നാനി പട്ടാമ്പി പാതയില്‍ ഓടുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ ബന്ധുക്കളെ കൂട്ടിയായിരുന്നു ആനക്കര കുമ്പിടി സ്വദേശികളുടെ നാട്ടിലേക്കുള്ള മടക്കം. ഇതിനിടയിലാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. തെറ്റായ ദിശയിലാണ് കാര്‍ സഞ്ചരിച്ചതെന്ന വിവരവുമുണ്ട്.