amal-churam

കോഴിക്കോട് താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്നുവീണ് യുവാവ് മരിച്ചു. വിനോദയാത്രയ്ക്ക് പോയ യുവാവാണ് കൊക്കയില്‍ വീണു മരിച്ചത്. വടകര വളയം തോടന്നൂര്‍ സ്വദേശിയായ അമല്‍ (23) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന അമല്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് വയനാട്ടിലേക്ക് യാത്ര തിരിച്ചത്. 

പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. മൂത്രമൊഴിക്കുന്നതിനായി റോഡരികിൽ നിൽക്കവേ കാൽവഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം. 60 അടി താഴ്ചയിലേക്കാണ് അമല്‍ വീണത്. കല്‍പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് അമലിനെ മുകളിലെത്തിച്ചത്.

അമലിന്‍റെ തലയിലടക്കം ഗുരുതര പരുക്കുണ്ടായിരുന്നു. താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമലിനെ രക്ഷിക്കാനിറങ്ങിയ അമൽദാസ്, പ്രസാദ് എന്നിവരും കൊക്കയില്‍ പെട്ടു. ഇവരെയും ഫയർഫോഴ്‌സ് സംഘമാണ് മുകളിലെത്തിച്ചത്. അടിവാരം ഔട്ട് പോസ്റ്റ് പൊലീസും താമരശേരി ഹൈവേ പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. 

ENGLISH SUMMARY:

A young man lost his life after falling from the ninth hairpin bend of the Thamarassery Churam in Kozhikode. The victim, who had gone on a leisure trip, fell into the gorge and died. The deceased has been identified as Amal (23), a native of Thodannur, Valayam, Vadakara. Amal, who worked as a driver at a private firm, was traveling to Wayanad with his colleagues when the tragic incident occurred.