ശിവരാത്രി ദിനത്തിൽ പിതൃതർപ്പണ പുണ്യം തേടി ആയിരങ്ങൾ ആലുവ മണപ്പുറത്തേക്ക് ഒഴുകിയെത്തുന്നു. 116 ബലിത്തറകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്. ആലുവ ശിവ ക്ഷേത്രത്തിൽ പുലർച്ചെ മുതൽ ഭക്തരുടെ നീണ്ടനിരയാണ് ദർശനത്തിനായി അനുഭവപ്പെടുന്നത്.
മഹാശിവരാത്രി നാളിൽ വൃതാനുഷ്‌ടാനങ്ങളോടെ ജനലക്ഷങ്ങളാണ് പിതൃബലി തർപ്പണത്തിന് ആലുവ മണപ്പുറത്തേക്ക് എത്തുന്നത്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ പേർ ബലി തർപ്പണത്തിന് എത്തുന്നതും ആലുവയിലാണ്. പുലർച്ചെ മുതൽ ദർശനത്തിനായി ആലുവ മണപ്പുറം ശിവക്ഷേത്രത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. 116 ബലിത്തറകൾ പിതൃ തർപ്പണത്തിനായി ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് തിരക്ക് നിയന്ത്രിക്കുന്നതിനായി വിന്യസിച്ചിട്ടുള്ളത്. അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ധർമ സംഘം ട്രസ്റ്റും ബലി തർപ്പണത്തിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇന്ന് അർദ്ധ രാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ബലി തർപ്പണം തുടങ്ങുക. എന്നാൽ ദൂരെ സ്ഥാലങ്ങളിൽ നിന്ന് എത്തുന്നവർക്കായി നേരത്തെ തന്നെ ബലി തറകൾ സജീവമാണ്. നാളെ ഉച്ചവരെ ആലുവ ടൗണിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. ശിവരാത്രിയോട് അനുബന്ധിച്ചു സംസ്ഥാനത്തെ പ്രധാന ശിവ ക്ഷേത്രങ്ങളിൽ രാവിലെ മുതൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.