സി.പി.ഐ. എറണാകുളം മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണത്തിന് പിന്നാലെ വിവാദവും. പി.രാജുവിന്റെ മൃതദേഹം പാർട്ടി ഓഫിസിൽ പൊതുദർശനത്തിന് വയ്ക്കേണ്ടെന്ന് കുടുംബം മനോരമ ന്യൂസിനോട്. പാർട്ടി നടപടിയിൽ മനംനൊന്തു കൂടിയാണ് രാജുവിന്റെ മരണമെന്നും സഹോദരി ഭർത്താവ് ഗോവിന്ദകുമാർ. ഇല്ലാത്ത പ്രശ്നങ്ങളുടെ പേരിൽ പി. രാജുവിനെ വ്യക്തിഹത്യ നടത്തിയെന്ന് മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിൽ കുറ്റപ്പെടുത്തി.
രാജുവിനെതിരെ പാർട്ടി നടപടിയ്ക്ക് കൂട്ടുനിന്നവർ, സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കരുതെന്നും കുടുംബം ആവശ്യപ്പെട്ടു. പി. രാജുവിന്റെ സൽപേര് കളങ്കപ്പെടുത്താൻ ചിലർ ശ്രമിച്ചുവെന്ന് മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ എഫ്.ബിയിൽ കുറിച്ചു. ഇത് പി.രാജുവിന് കനത്ത ആഘാതമായെന്നും ഇസ്മയിൽ പോസ്റ്റില്‍ കുറിച്ചു. സാമ്പത്തിക തിരിമറിയുടെ പേരിൽ പി.രാജുവിനെതിരെ പാർട്ടി നടപടി എടുത്തിരുന്നു.
അന്വേഷണത്തിന് ശേഷം നടപടി ലഘൂകരിക്കണമെന്ന് കൺട്രോൾ കമ്മീഷൻ ആവശ്യപ്പെട്ടിട്ടും മേൽ കമ്മറ്റിയിലെടുക്കാൻ ജില്ലാ നേതൃത്വം തയ്യാറായിരുന്നില്ല. കൊച്ചിയിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ പറവൂരിലെത്തിക്കും. രാവിലെ 9 മുതൽ പറവൂർ കേസരി സ്മാരക മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനം. തുടർന്ന് എഴിക്കരയിലെ വീട്ടിൽ 3ന് സംസ്കാരം.