വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍, ചെയ്ത പ്രവര്‍ത്തിയെ ന്യായീകരിക്കാന്‍ നിരത്തുന്ന കാരണങ്ങള്‍ കേട്ട് കണ്ണുതളളി ഇരിക്കുകയാണ് പൊലീസ്. സ്വയം കല്‍പ്പിച്ചെടുത്ത ഒരുനൂറ് കാരണങ്ങളാണ് ഉറ്റവരെയൊന്നാകെ ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്താന്‍ അഫാനെ പ്രേരിപ്പിച്ചത്.
കാന്‍സര്‍ ബാധിതയായ ഉമ്മയ്ക്കും അനുജനും താനില്ലാതെ ജീവിക്കാനാകില്ലെന്ന് തോന്നിയതുകൊണ്ടാണ് അവരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അഫാന്‍ മൊഴി നല്‍കി. ദിവസങ്ങള്‍ക്കു മുന്‍പ് പണം ചോദിച്ചിട്ട് തരാത്തതും ഉമ്മയോടുളള ദേഷ്യത്തിനു ആക്കം കൂട്ടി. വല്ല്യുമ്മയോട് സ്വര്‍ണം പണയംവയ്ക്കാന്‍ ചോദിച്ചിട്ട് തരാത്തതായിരുന്നു ആ വയോധികയെ ക്രൂരമായി കൊലപ്പെടുത്താന്‍ കൊച്ചുമകനെ പ്രേരിപ്പിച്ചത്.
ഫര്‍സാനയെ തന്‍റെ മരണശേഷം എല്ലാവരും കുറ്റപ്പെടുത്തുകയും തനിച്ചാക്കുകയും ചെയ്യുമെന്ന ഭയമായിരുന്നു സ്നേഹിച്ച പെണ്‍കുട്ടിയുടെ തലയോട്ടി അടിച്ചുതകര്‍ക്കാന്‍ കാരണമെന്ന് അഫാന്‍ പൊലീസിനോട് പറഞ്ഞു. ഫര്‍സാനയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കാന്‍ ഉപ്പയുടെ ചേട്ടന്‍ ലത്തീഫ് വീട്ടില്‍ വന്നതും പലതുംപറഞ്ഞ് പരിഹസിച്ചതും ദേഷ്യം വര്‍ധിപ്പിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടെ വിവാഹം കഴിച്ചാല്‍ എങ്ങനെ ജീവിക്കുമെന്ന് ലത്തീഫ് ചോദിച്ചു.
വിവാഹത്തെ ലത്തീഫ് എതിര്‍ത്തു. വിവാഹം കഴിഞ്ഞാല്‍ ഫര്‍സാനയെ ആരുനോക്കുമെന്നും ലത്തീഫ് അഫാനോട് ചോദിച്ചു. വിവാഹത്തിനുശേഷം തന്നെയും ഫര്‍സാനയെയും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഉപ്പയുടെ സ്ഥാനത്തുനിന്ന് ലത്തീഫല്ലേ എന്നതായിരുന്നു അഫാന്റെ സംശയം. ആ ഉത്തരവാദിത്തം ലത്തീഫ് ഏറ്റെടുക്കാന്‍ തയ്യാറാകാത്തതാണ് കൊലപ്പെടുത്താന്‍ കാരണമെന്ന് അഫാന്‍ പൊലീസിനെ അറിയിച്ചു.
അതേസമയം അഫാന്റെ ആരോഗ്യനില കൃത്യമായി നിരീക്ഷിച്ച ശേഷം മാത്രമേ ഡിസ്ചാര്‍ജ് ഉണ്ടാവുകയുള്ളൂ. അഫാന്റെ ഉമ്മ ഷെമിയുടെ നില മെച്ചപ്പെട്ടുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.