വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് അബ്ദുൽ റഹീം ഏഴു വർഷത്തിനുശേഷം നാട്ടിലെത്തി. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ റഹിം ബന്ധുക്കൾക്കൊപ്പം ആദ്യം പോയത് ചികിത്സയിൽ കഴിയുന്ന ഭാര്യ ഷെമീനയുടെ അടുത്തേക്കാണ്. കട്ടിലിൽ നിന്ന് വീണതാണെന്നാണ് ഷെമീന റഹീമിനോടും പറഞ്ഞതെന്ന് ബന്ധു മാധ്യമങ്ങളോട് പറഞ്ഞു.
ഏഴു വർഷത്തിനുശേഷം റഹീം വിമാനം ഇറങ്ങിയത് ഉറ്റവരെ നഷ്ടപ്പെട്ട, ഒരിക്കലും പ്രതീക്ഷിക്കാത്ത ദുർഭാഗ്യങ്ങളുടെ നടുവിലേക്കായിരുന്നു. രാവിലെ 7 45 ന് വിമാനം ഇറങ്ങി അദ്ദേഹം അവിടെ നിന്ന് ബന്ധുക്കളോടൊപ്പം എത്തിയത് അതിഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന ഭാര്യ ഷമീനയുടെ അടുത്തേക്കാണ്. ആദ്യം ബന്ധുക്കളോടൊപ്പം പിന്നീട് ഒറ്റയ്ക്കും 20 മിനിറ്റോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് പുറത്തിറങ്ങിയത്. മകന്റെ ക്രൂരതകൊളൊന്നും റഹീമിനോട് ഷെമീന പറഞ്ഞില്ല. തന്റെ പരുക്ക് കട്ടിലിൽ നിന്ന് വീണതാണെന്ന് പറഞ്ഞ് ആശുപത്രി കിടക്കയിലും മകനോട് സ്നേഹക്കരുതലായിരുന്നു.
ഇളയ മകനും അമ്മയുമടക്കം നാല് പേരെ അടക്കിയ മണ്ണിലെക്കായിരുന്നു റഹീമിന്റെ അടുത്ത യാത്ര. കബറിടത്തിന് സമീപത്തെ റഹിം കരം തളർന്നു വീഴാൻ ശ്രമിച്ചപ്പോൾ ബന്ധുക്കളാണ് താങ്ങായത്.
കുടുംബത്തിന്റെ 65 ലക്ഷത്തിന്റെ കടമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് അഫാന്റെ മൊഴി. കടം വന്ന വഴിയറിയാൻ റഹീമിന്റെ മൊഴി പൊലീസെടുക്കും. മജിസ്ട്രേറ്റിനെ എത്തിച്ച് ഷെമീനയുടെ മൊഴിയും രേഖപ്പെടുത്തും.