കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനു തൊട്ടടുത്ത് രാത്രി തന്‍റെ ലോറിയില്‍ കിടന്നുറങ്ങുന്ന ജിന്‍റോ എന്ന ലോറി ഡ്രൈവറെ മോഷ്ടാക്കള്‍ കുത്തി കൊലപ്പെടുത്തി. കാലിന് കുത്തേറ്റ ജിന്‍റോ രക്തം വാര്‍ന്നു മരിച്ചു. കേസിലെ 3 പ്രതികളെ ഇനിയും പൊലീസിന് പിടികൂടാനായിട്ടില്ല . സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. എന്താണിതിലെ സത്യവാസ്ഥയെന്ന് അന്വേഷിക്കുകയാണ് മനോരമ ന്യൂസ്...
ജിന്‍റോ എന്ന ലോറി ഡ്രൈവര്‍ കൊല്ലപ്പട്ടു എന്നത് സത്യമാണ്. ലോറിയില്‍ കിടന്നുറങ്ങുമ്പോഴാണ് കാലില്‍ മോഷ്ടാക്കളുടെ കുത്തേറ്റത് . ഇറങ്ങിയോടിയ ജിന്‍റോ രക്തം വാര്‍ന്നാണ് മരിച്ചത്. മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്. സംഭവം പൊലീസ് സ്റ്റേഷന് അടുത്തായിരുന്നു എന്നതും വാസ്തവം. പക്ഷേ സംഭവം നടന്നത് ഇന്നോ ഇന്നലെയോ ആയിരുന്നില്ല എന്നുമാത്രം. 2023 ജൂണ്‍ 5നായിരുന്നു കൊലപാതകം. സംഭവം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ ടൗണ്‍ പൊലീസ് ജാഗ്രതയിലായി, നഗരത്തിന്‍റെ മുക്കും മൂലയും അരിച്ചു പെറുക്കി. 24 മണിക്കൂറിനകം പ്രതികളെ അകത്താക്കുകയും ചെയ്തു.
ലോറി ഡ്രൈവര്‍മാര്‍ പലപ്പോഴും വാഹനങ്ങളില്‍ തന്നെ വിശ്രമിക്കുന്നതാണ് പതിവ്. ഈ സാഹചര്യത്തില്‍ അവരെ ജാഗരൂകരാക്കുന്നതിനായി പ്രചരിപ്പിക്കുന്നതായിരിക്കും ഇത്തരം സന്ദേശങ്ങള്‍. ഇതുപോലുള്ള അനിഷ്ടസംഭവങ്ങള്‍ക്കെതിരെ പൊലീസ് ജാഗ്രത പാലിക്കുന്നുണ്ട്. പക്ഷേ അപ്രതീക്ഷിതമയി എന്തെങ്കിലും സംഭവിച്ചാല്‍ മേല്‍ നടപടി സ്വീകരിക്കാനേ കഴിയൂ. ജിന്‍റോയുടെ കാര്യത്തിലും അത് ചെയ്തിട്ടുണ്ട് . പൊലീസിന്‍റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് 24മണിക്കൂറിനകം പ്രതികളെ പിടികൂടാനായെന്ന് കണ്ണൂര്‍ എസിപി രത്നകുമാര്‍ പറഞ്ഞു.