സംസ്ഥാനത്ത് അക്രമങ്ങളുടെ വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. വിദ്യാർഥികൾ മുതൽ മുതിർന്നവർ വരെ ഇത്തരം വാര്‍ത്തകളുടെ കേന്ദ്രമാകുമ്പോള്‍ സിനിമയിലെ വയലൻസും ചർച്ചയാവുകയാണ്. സിനിമയിൽ വയലൻസ് വർധിക്കുന്നതായി അഭിപ്രായമുണ്ടോ എന്ന ചോദ്യത്തിന് വയലൻസിനെ മഹത്വവത്കരിക്കരുതെന്നായിരുന്നു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി. ‘സിനിമയയ്ക്കും പങ്കുണ്ടാകാം. എന്നാൽ എല്ലാം ഉത്ഭവിച്ചത് സിനിമയിൽ നിന്നാണെന്ന് പറയരുത്. ഇടുക്കി ഗോൾഡ് എന്ന സിനിമയെ വിമർശിക്കുന്നു. ഇടുക്കി ഗോൾഡ് ഉള്ളതുകൊണ്ടാണ് അത്തമൊരു കലാരൂപം ഉണ്ടായത്’ സുരേഷ് ഗോപി പറഞ്ഞു.
‘മക്കൾ കുടുംബത്തിന്‍റെ സ്വത്താണ്. കുട്ടികളെ നന്മയുള്ളവരായിവളർത്തിയെടുക്കണം. ലഹരിക്കെതിരെ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. രാഷ്ട്രീയ പാർട്ടികൾക്ക് ഓരോ ബൂത്ത് തലത്തിലും ഒരു പാട് കാര്യങ്ങൾ ചെയ്യാൻ പറ്റും. ഒരു ബൂത്ത് തലത്തിൽ 50 വീടുകൾ ശ്രദ്ധിച്ചാൽ അത്രയും കുഞ്ഞുങ്ങളെ രക്ഷിക്കാൻ സാധിക്കും’ സുരേഷ് ഗോപി പറഞ്ഞു. സിനിമയിലെ വയലൻസ് ആനന്ദിക്കാനുള്ളതല്ല. സിനിമ കണ്ട് കാര്യങ്ങൾ മനസിലാക്കുകയും അതിലെ നല്ല വശം സ്വീകരിക്കുകയുമാണ് വേണ്ടത്’ എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.