drug-ktm-kid

കോട്ടയം മണ‍ർകാട് നാല് വയസുകാരൻ സ്കൂളിൽ നിന്ന് കഴിച്ച ചോക്​ലേറ്റില്‍ ലഹരിയുടെ അംശമുണ്ടായിരുന്നതായി പരാതി. അങ്ങാടിവയൽ സ്വദേശികളുടെ മകനെയാണ് കഴിഞ്ഞ ദിവസം അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിദഗ്ധ പരിശോധനയിലാണ് ശരീരത്തിൽ ലഹരിപദാർത്ഥത്തിന്‍റെ അംശം കണ്ടെത്തിയത്. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കൾ ജില്ലാ പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകി.

കഴിഞ്ഞ മാസം 17 ന് സ്കൂളിൽ നിന്ന് വീട്ടിൽ വന്നപ്പോൾ മുതലാണ് നാലു വയസുകാരൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചത്. ആദ്യം വടവാതൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ അശുപത്രിയിലേക്ക് മാറ്റി. അന്നേദിവസം കുട്ടി ചോക്​ലേറ്റ് കഴിച്ചിരുന്നതായി സ്കൂൾ അധികൃതർ അറിയിച്ചതോടെയാണ് രക്ഷിതാക്കൾക്ക്  സംശയം തോന്നിയത്. ഇതിനിടെ രക്തസമ്മർദ്ദം കൂടി കുട്ടി അബോധാവസ്ഥയിലായി. പിന്നാലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിശദ പരിശോധന.പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ ബെൻസോഡയാസിപെൻസിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു.

ഉറക്കമില്ലായ്മയ്ക്ക് നൽകുന്ന മരുന്നാണ് കുട്ടിയുടെ ഉള്ളിൽ കണ്ടെത്തിയത്. ചിലർ ലഹരിക്കായും ഈ മരുന്ന് ഉപയോഗിക്കാറുണ്ട്. ചോക്കലേറ്റിൽ നിന്നു തന്നെയാണോ കുട്ടിയുടെ ശരീരത്തിൽ ലഹരി എത്തിയതെന്ന് പൊലീസ് അന്വേഷിക്കും. അതേസമയം, കുട്ടിക്ക് സ്കൂളിൽനിന്ന് ചോക്​ലേറ്റ് നൽകിയിട്ടില്ലെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.. കുട്ടിയുടെ കയ്യിൽ എങ്ങനെ ചോക്​ലേറ്റ് എത്തി എന്നും അറിവില്ല. ആശുപത്രി വിട്ടെങ്കിലും കുട്ടിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതേയുള്ളൂ 

ENGLISH SUMMARY:

A four-year-old boy from Manarkad, Kottayam, reportedly consumed chocolate from school that contained traces of narcotic substances. The child, a native of Angadivayal, was admitted to the hospital in an unconscious state. Expert medical tests confirmed the presence of narcotic substances in his body. The parents have lodged a complaint with the District Police Chief and the Collector, demanding an investigation.