സംസഥാനത്ത് വര്‍ധിച്ചുവരുന്ന ആക്രമസംഭവങ്ങള്‍, ലഹരി ഉപയോഗം, ആശാ വര്‍ക്കര്‍മാരുടെ സമരം തുടങ്ങിയവ കലുഷിതമാക്കിയ അന്തരീക്ഷത്തില്‍  നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ പുനരാരംഭിക്കും. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ ഒരുകൂട്ടം വിഷയങ്ങള്‍ പ്രതിപക്ഷത്തിനുണ്ട്. രാഷ്ട്രീയം പറഞ്ഞ് ആക്രമിച്ചും എല്ലാം ഭദ്രമാണെന്ന് ആവര്‍ത്തിച്ചുമാകും ഭരണപക്ഷം പ്രതിരോധം തീര്‍ക്കുക.

വെഞ്ഞാറന്‍മൂടു മുതല്‍ താമരശേരിവരെയുള്ള സംഭവങ്ങള്‍നാടിനെയാകെ തളര്‍ത്തിയിരിക്കയാണി. ഇതിനിടെയാണ്  ഒരിടവേളക്ക് ശേഷം നിയമസഭാ സമ്മേളനം  തുടങ്ങുന്നത്. കൂട്ടക്കൊലയും വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് സഹപാഠിയെ തല്ലിക്കൊല്ലുന്നതും തുടങ്ങി ലഹരിവ്യാപനവും വളരുന്ന അക്രമവാസനയും വരെ സഭാതലത്തില്‍ ഉയരും. ലഹരിവ്യാപനം തടയാനാവുന്നില്ലെന്നത് ഈ സമ്മേളന കാലത്തു തന്നെ ഉന്നയിക്കപ്പെട്ടതാണ്. വിഷയം നിയമസഭ ചര്‍ച്ചചെയ്യുകയും ചെയ്തു.   കുറ്റവാളികള്‍ക്ക് രാഷ്ട്രീയ സംരക്ഷണം നല്‍കരുതെന്നും ശക്തമായ നടപടികള്‍വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെടും. ഒറ്റപ്പെട്ട സംഭവങ്ങളെ പൊലിപ്പിക്കുകയാണ്  പ്രതിപക്ഷമെന്ന് ആക്ഷേപിച്ചും നിന്ദ്യമാണ് അവരുടെ നിലപാടെന്ന് സമര്‍ത്ഥിച്ചും തിരിച്ചടിക്കാനാവും ഭരണപക്ഷം ശ്രമിക്കുക.  ആരോപണ പ്രത്യാരോപണങ്ങള്‍ക്കപ്പുറം വലുതായൊന്നും സഭാ തലത്തില്‍ നിന്ന് പ്രതീക്ഷിക്കാനില്ല.  ആശാവര്‍ക്കര്‍മാരുടെ സമരം തീര്‍ക്കാന്‍ സമ്മേളനകാലത്ത് സര്‍ക്കാര്‍ തയാറാകുമോ എന്നതാണ് പ്രധാന  ചോദ്യം. ഇല്ലെങ്കില്‍ ഈ സമരത്തോടുള്ള സര്‍ക്കാര്‍നിലപാട് നിയമസഭയെ പിടിച്ചുകുലുക്കും.  സ്വകാര്യസര്‍വകലാശാല ബില്‍ സഭയുടെ പരിഗണനക്ക് വരുന്നതും ചൂടേറിയ ചര്‍ച്ചക്ക് വഴിവെക്കും. 

ENGLISH SUMMARY:

The Kerala Legislative Assembly's budget session will resume tomorrow amid a tense atmosphere marked by rising incidents of violence, drug abuse, and the ongoing protest by ASHA workers.