കാസർകോട് കാഞ്ഞങ്ങാട് വാട്സപ്പിലൂടെ മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. കല്ലൂരാവി സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് ഭർത്താവ് അബ്ദുൾ റസാഖിനെതിരെ ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചെന്ന പരാതിയിൽ മാതാവിനും സഹോദരിക്കുമെതിരെയും കേസെടുത്തു.
ബദിയടുക്ക നെല്ലിക്കട്ട സ്വദേശി അബ്ദുൾ റസാഖ്, മാതാവ് നഫീസ, സഹോദരി എന്നിവർക്കെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്. അബ്ദുൾ റസാഖിനെതിരെ മുസ്ലിം സ്ത്രീ വിവാഹ സംരക്ഷണ നിയമ പ്രകാരവും മാതാവിനും സഹോദരിക്കുമെതിരെ സ്ത്രീധന നിരോധന നിയമപ്രകാരവുമാണ് കേസ്.
ഇന്ന് രാവിലെ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്. ഫെബ്രുവരി 21നാണ് അബ്ദുൾ റസാഖ് യുഎഇയിൽ നിന്ന് പെൺകുട്ടിയുടെ പിതാവിന്റെ ഫോണിലേക്ക് മുത്തലാഖ് ചൊല്ലി വാട്സാപ് സന്ദേശം അയച്ചത്.
2022 ഓഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹം. വിവാഹസമയത്ത് നൽകിയ 20 പവൻ സ്വർണം തിരികെ നൽകണമെന്നും ജീവനാംശം നൽകണമെന്നും ആവശ്യപ്പെട്ട് യുവതി ഹൊസ്ദുർഗ് കോടതിയിലും ഹർജി നൽകിയിട്ടുണ്ട്.