shahabaz-murder-investigation

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ ഒരു പത്താം ക്ലാസ് വിദ്യാര്‍ഥികൂടി പിടിയില്‍. കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൊലപാതകത്തിൽ മുതിർന്നവർക്ക് പങ്കുണ്ടെന്ന ഷഹബാസിന്റെ കുടുംബത്തിന്റെ  വാദം പൊലീസ് തള്ളി. ഡിജിറ്റൽ തെളിവുകളുടെ പരിശോധന അവസാനഘട്ടത്തിൽ എത്തിയപ്പോൾ  മുതിർന്നവരുടെ പങ്കിനുള്ള തെളിവുകൾ കണ്ടെത്താൻ  കഴിഞ്ഞില്ല. സംഘർഷം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും വിദ്യാർഥികൾ തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

അതേസമയം, വിദ്യാർഥികളുടെ ഏറ്റുമുട്ടലിൽ പരുക്കേറ്റ 10–ാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസ് കൊല്ലപ്പെട്ടത് നഞ്ചക്ക് കൊണ്ടുള്ള അടിയിൽ തലയോട്ടി പൊട്ടി തലച്ചോറിനു ക്ഷതമേറ്റെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. സംഭവത്തിൽ താമരശ്ശേരി ഹയർ സെക്കൻഡറി സ്കൂളിലെ 5 വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രായപൂർത്തിയാകാത്തതിനാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയ ഇവരെ 15 ദിവസത്തേക്ക് ഒബ്സർവേഷൻ ഹോമിലേക്കു മാറ്റിയിരുന്നു. 

ട്യൂഷൻ സെന്ററിലെ യാത്രയയപ്പ് പരിപാടിയിൽ തുടങ്ങിയ തർക്കമാണ് വ്യാഴാഴ്ച വൈകിട്ട് താമരശ്ശേരി ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും എളേറ്റിൽ എംജെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥികളും തമ്മിലുള്ള ഏറ്റുമുട്ടലിലെത്തിച്ചത്. തലയ്ക്കു പരുക്കേറ്റ ഷഹബാസിന് ആന്തരിക രക്തസ്രാവമുണ്ടായി. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും രക്തസ്രാവം പൂർണമായെന്നും ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ആദ്യദിവസം കുട്ടികളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും വധശ്രമം മാത്രമായതിനാൽ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. എന്നാൽ, ഷഹബാസ് മരിച്ചതോടെ കൊലക്കുറ്റം ചുമത്തി ഒബ്സർവേഷൻ ഹോമിലേക്കു മാറ്റുകയായിരുന്നു.

അതേസമയം, വിദ്യാർഥി സംഘർഷത്തിനു പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കൊല്ലപ്പെട്ട ഷഹബാസിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് പൊലീസ് പരിശോധന തുടങ്ങി. സംഭവത്തിൽ മുതിർന്നവർ ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും അന്വേഷിക്കുന്നു. ബാലാവകാശ കമ്മിഷൻ കെ.വി.മനോജ് കുമാർ സ്ഥലം സന്ദർശിച്ചു  റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. 

ENGLISH SUMMARY: