ആശാ വര്‍ക്കര്‍മാര്‍ അതിജീവനത്തിനായി കേഴുമ്പോള്‍ കണക്ക് പറഞ്ഞ് കളിച്ച് കേന്ദ്രവും സംസ്ഥാനവും. കേന്ദ്രവിഹിതം മുഴുവന്‍ നല്കിയെന്നും വീഴ്ച മറയ്ക്കാന്‍ സംസ്ഥാനം കളളം പറയുന്നുവെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ വാദം. എന്നാല്‍ കോബ്രാന്‍ഡിങ് നിബന്ധനകളുടെ പേരില്‍ വിഹിതം നല്കാനാകില്ലെന്ന കേന്ദ്രത്തിന്‍റെ കത്ത് തെളിവായി പുറത്തുവിട്ട് പണം കിട്ടിയില്ലെന്ന് കേരളം വാദിക്കുന്നു.
നല്കാനുളളതും അതില്‍ക്കൂടതലും നല്കിയെന്ന് കേന്ദ്രം, ഒന്നും കിട്ടിയില്ലെന്ന് കേരളം..ആശമാരെ ചൊല്ലിയുളള കേന്ദ്ര – സംസ്ഥാന പഴിചാരല്‍ പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. വേതനവും കുടിശികയും നല്‍കാന്‍ കഴിയാത്തത് കേരള സര്‍ക്കാരിന്‍റെ വീഴ്ചയെന്ന് കുടിശിക തീര്‍ക്കാന്‍ അധികമായി നല്‍കിയ സഹായത്തിന്‍റെ കണക്കുകള്‍ നിരത്തി കേന്ദ്രമാണ് ആദ്യം വിശദീകരിച്ചത്. ആശമാരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്.
2024-25 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് നല്‍കേണ്ടിയിരുന്നത് 913.24 കോടി രൂപയാണെങ്കിലും 938.80 കോടി രൂപ നല്‍കിയെന്ന് കേന്ദ്രം പറയുന്നു. കേന്ദ്രവാദങ്ങളെല്ലാം തളളുകയാണ് കേരളം. കോ ബ്രാന്‍ഡിങ് നിബന്ധനകള്‍ പാലിച്ചില്ലെന്ന കാരണം പറഞ്ഞ് 636.88 കോടി തടഞ്ഞു വച്ചു. പിന്നീട് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടും തുക അനുവദിച്ചില്ലെന്നും കേരളം ആരോപിക്കുന്നു. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാല്‍ വിഹിതം നല്കാനാകില്ലെന്ന് വ്യക്തമാക്കി നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജോയിന്‍റ് സെക്രട്ടറി അയച്ച കത്തും തെളിവായി കേരളം പുറത്തുവിട്ടു. ആകെ ലഭിക്കേണ്ടിയിരുന്നത് 826.02 കോടിയാണെന്നും ഇന്‍ഫ്രാസ്ട്രക്ചര്‍ മെയിന്‍റനന്‍സിനു വേണ്ടി നല്കിയ 189 കോടിമാത്രമാണ് കിട്ടിയതെന്നും കേരളം തീര്‍ത്തു പറയുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ മുടങ്ങാതിരിക്കാന്‍ ഇപ്പോള്‍ സംസ്ഥാന ഫണ്ട് ഉപയോഗിക്കുന്നുവെന്നുമാണ് കേരളത്തിന്‍റെ വാദം.
കേന്ദ്ര വാദങ്ങള്‍
സംസ്ഥാന സര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുന്നു
കേരളത്തിന് നല്‍കേണണ്ടത് 913.24 കോടി രൂപ
കേരളത്തിന് നല്‍കിയത് 938.80 കോടി രൂപ
കേന്ദ്രത്തെ തളളി കേരളം
കിട്ടാനുളളത് – 636.88 കോടി
മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന പേരില്‍ പണം തടഞ്ഞു
മാനദണ്ഡം പാലിച്ചിട്ടും കേന്ദ്രം തുക തന്നില്ല
ആകെ കിട്ടിയത് –189 കോടി