കണ്ണൂർ കരിക്കോട്ടക്കരിയിലെ ജനവാസ മേഖലയിൽ വഴിതെറ്റിയെത്തിയ കാട്ടാനക്കുട്ടിയെ മയക്കുവെടി വെച്ചു. ഡോ. അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് വെറ്ററിനറി സംഘം സ്ഥലത്തെത്തിയാണ് മയക്കുവെടിവച്ചത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയാനക്കു ചികില്‍സ നല്‍കും.
മയക്കുവെടി വയ്ക്കുന്നതില്‍ കുഴപ്പമില്ലെന്ന് വിലയിരുത്തലിനെത്തുടര്‍ന്നാണ് നടപടി. വയനാട്ടില്‍നിന്ന് പ്രത്യേകസംഘമാണ് മയക്കുവെടിവച്ചത്. ജനവാസ മേഖലയിലെ പോക്കറ്റ് റോഡിനോട് ചേർന്ന് റബ്ബർ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. അയ്യൻകുന്ന് പഞ്ചായത്തിലെ 8 , 9 , 10 വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കാട്ടാനക്കുട്ടി അവശനിലയിലാണെന്ന് ഫോറസ്റ്റ് അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ V.രതീശന്‍ മനോരമ ന്യൂസിനേട് പറഞ്ഞു. താടിയെല്ല് പൊട്ടി, ഭക്ഷണമോ വെള്ളമോ എടുക്കാന്‍ കഴിയുന്നില്ല. നിലവിലെ അവസ്ഥയില്‍ ആനക്കുട്ടിയുടെ ജീവന്‍ അപകടത്തിലെന്നും V.രതീശന്‍ പറഞ്ഞു.