ഷഹബാസ്
താമരശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്കിന്‍റെ ഉപയോഗം പ്രതികള്‍ പഠിച്ചത് യൂട്യൂബില്‍നിന്നെന്ന് പൊലീസ്. കരാട്ടെ പരിശീലിക്കുന്ന പ്രതിയുടെ സഹോദരന്‍റെ നഞ്ചക്കാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്നും കണ്ടെത്തല്‍. ആസൂത്രണത്തിന് രൂപീകരിച്ച സമൂഹമാധ്യമ ഗ്രൂപ്പില്‍ 63പേരുണ്ടെന്നും പൊലീസ് അറിയിച്ചു. ഗൂഢാലോചനയില്‍ പത്തിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്തെന്നും സ്ഥിരീകരണം.
ഷഹബാസ് കൊലപാതകത്തില്‍ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണസംഘം. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് മെറ്റയോട് വിവരങ്ങൾ ആരാഞ്ഞത്. ഓഡിയോ, ചിത്ര സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോ എന്നും അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് മെയിൽ അയച്ചു. മെറ്റയിൽ നിന്ന് റിപ്പോര്‍ട്ട് ലഭിച്ചശേഷം ആകും കൂടുതൽ വിദ്യാർഥികളെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
അതേസമയം, ഷഹബാസ് കൊലപാതകകേസിലെ പ്രതികളായ വിദ്യാര്‍ഥികളെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കുന്നതിനെതിരെ കെഎസ്‌യു, എംഎസ്എഫ് പ്രതിഷേധം. കോഴിക്കോട് വെള്ളിമാട്‌കുന്ന് ജുവൈനല്‍ ഹോമിലേക്ക് നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ഗേറ്റിന് മുമ്പിലിരുന്ന് പ്രതിഷേധിച്ചു. കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് വി.ടി.സൂരജ് ഉള്‍പ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എംഎസ്‍എഫ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി.