കോഴിക്കോട് മേപ്പയൂര്‍ പുറക്കാമലയില്‍ ക്വാറിക്കെതിരായ ജനകീയ സമരം തുടങ്ങിയിട്ട് 12 വര്‍ഷം. പൊലീസ് ക്രൂരമായാണ് സമരക്കാരോട് പെരുമാറുന്നതെന്നും രണ്ടാഴ്ച്ച മുമ്പും രാത്രി വീടിന്‍റെ വാതില്‍ ചവിട്ടിത്തുറന്ന് പൊലീസ് ഒരാളെ പിടിച്ചുകൊണ്ടുപോയെന്നും പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞ ദിവസം 15 വയസുകാരനെ ബലമായി പൊലീസ് കസ്റ്റഡിയില്‍ എടുത്തത് വിവാദമായിരുന്നു.
ഒരു പതിറ്റാണ്ടിലധികമായി തങ്ങള്‍ക്ക് ചുറ്റുമുള്ള പ്രകൃതിയെ സംരക്ഷിക്കാന്‍ വേണ്ടി പോരാടുന്ന, ജനതയോടുള്ള പൊലീസ് നിലപാടാണിത്. പുറക്കാമലയും അതിന് താഴ്വാരത്ത് പരന്ന് കിടക്കുന്ന, ഈ 1500 ഏക്കർ കരുവോട് ചിറയും, സംരക്ഷിക്കാനാണ് ഈ മനുഷ്യരിങ്ങനെ രാപ്പകലില്ലാതെ കാവല്‍ നില്‍ക്കുന്നത്.
വന്യജീവികള്‍ ധാരാളമുള്ള മലയില്‍ നിന്ന് ഖനനം തുടങ്ങിയ ശേഷം ഓരോ ജീവികളായി ജനവാസമേഖലയിലേക്ക് ഇറങ്ങി തുടങ്ങിയിട്ടുണ്ട്. താഴ്വാരത്തെ കിണറുകളെ നിറക്കുന്നത് പുറക്കാമലയില്‍ നിന്ന് കിനിഞ്ഞ് വരുന്ന മലയുറവയാണ്. മലയില്‍ നിന്ന് കല്ല് മുഴുവന്‍ ഖനനം ചെയത് എടുത്താല്‍ മണ്ണൊലിച്ച് താഴേക്ക് വരുമെന്നാണ് പ്രദേശവാസികളുടെ ഭയം.
വേണ്ട പഠനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് പറഞ്ഞാണ് മേപ്പയൂർ പഞ്ചായത്ത് ക്വാറിക്ക് അനുവാദം നല്‍കിയിരിക്കുന്നത്. എന്നാല്‍ തൃപ്തികരമായ പഠനം ഉണ്ടാകുന്നത് വരെ പ്രദേശത്ത് ഖനനം അനുവദിക്കില്ലെന്നാണ് സമര സമിതിയുടെ ഉറച്ച നിലപാട്.