36 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി. യുവാവിനൊപ്പം ഇവര്‍ പോയത് പുണെയിലേക്ക്. മുംബൈ സിഎസ്എംടിയിൽ നിന്നുള്ള ചെന്നൈ എഗ്മോർ ട്രെയിനിൽ ലോണാവാലയിൽ വെച്ചാണ് ഇവരെ ആർപിഎഫ് കണ്ടെത്തിയത്. മുംബൈയിലെ ഒരു ബ്യൂട്ടിപാർലറിൽ നിന്ന് ലഭിച്ച ഇവരുടെ ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. മലയാളിയായ ബ്യൂട്ടിപാർലര്‍ ഉടമ ലൂസിയാണ് പെണ്‍കുട്ടികളെ കുറിച്ചുള്ള വിവരം നല്‍കിയത്.
ഒരു വിവാഹത്തിനു വന്നതാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞതായി ലൂസി. മുടി മുറിച്ച്, സ്ട്രെയിറ്റ് ചെയ്യുന്നത് 5,000 രൂപയും ചെലവാക്കി. ഇടയ്ക്ക് ലൂസിയുടെ ഫോണ്‍ ഇവര്‍ വാങ്ങി. അല്‍പം കഴിഞ്ഞപ്പോള്‍ ഒരു യുവാവ് ഈ ഫോണിലേക്ക് തിരിച്ചുവിളിച്ചു. ആദ്യം ഇവരെക്കുറിച്ച് സംശയം തോന്നിയില്ല എന്നും ലൂസി പറയുന്നു. ഇവിടെ നിന്ന് ഇറങ്ങിയ ഇവര്‍ പുതിയ സിം കാര്‍ഡ് എടുത്തു. ഇത് ഫോണിലിട്ടതോടെ പൊലീസിന് തുമ്പ് കിട്ടി. പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള പൊലീസിന്‍റെ നീക്കം വിജയം കണ്ടു.
പന്‍വേല്‍ലേക്കാണ് ഇവരുടെ യാത്രയെന്ന് മനസ്സിലായി. മുബൈയിലെ മലയാളി സംഘടനകളും പെണ്‍കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായക ഘടകമായി. റെയില്‍വേ പൊലീസിലടക്കം ലൂസി വിവരം കൈമാറിയിരുന്നു. ഇതനുസരിച്ച് മലയാളി സംഘടനകളിലെ ആളുകള്‍ റെയില്‍ സ്റ്റേഷനില്‍ പെണ്‍കുട്ടികള്‍ക്കായി തിരച്ചില്‍ നടത്തുകയും ഇവരെ കണ്ടെത്തുകയുമായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഭക്ഷണമടക്കം എത്തിച്ചു നല്‍കി. വിഡിയോ കോളിലൂടെ മാതാപിതാക്കളോട് ഇരുവരും സംസാരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് പരീക്ഷയ്ക്കായി വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടികളെയാണ് കാണാതായത്. ഇവര്‍ക്കൊപ്പം ട്രെയിനിൽ ഉണ്ടായിരുന്നത് എടവണ്ണ സ്വദേശി റഹിം അസ്‌ലമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കുട്ടികളെ പുലർച്ചെ മൂന്ന് മണിയോടെ പുണെ ആർപിഎഫ് സ്റ്റേഷനിൽ എത്തിച്ചു. രാവിലെ താനൂർ പൊലീസ് നാട്ടിൽ നിന്ന് എത്തിയ ശേഷം നടപടികൾ പൂർത്തിയാക്കി കുട്ടികളെ കൈമാറുമെന്നാണ് വിവരം. വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കുട്ടികൾ മുംബൈയിലെ മലയാളി സന്നദ്ധ പ്രവർത്തകരോട് പറഞ്ഞു. ഇവര്‍ക്ക് കൗണ്‍സിലിംഗ് ആവശ്യമെങ്കില്‍ നല്‍കുമെന്നും സന്നദ്ധപ്രവര്‍ത്തകര്‍ അറിയിച്ചു.