എറണാകുളം കിഴക്കമ്പലത്തിനടുത്ത് പള്ളിക്കരയിൽ വാടകയ്ക്കെടുത്ത വീട്ടിൽ കൂട്ടത്തോടെ പാർപ്പിച്ചിട്ടുള്ള നായ്ക്കളെ ഉടൻ മാറ്റണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ജി സജികുമാർ കലക്ടർ എൻ.എസ്.കെ ഉമേഷിന് റിപ്പോർട്ട് നൽകി. നാട്ടുകാർക്ക് നിലവിൽ ഏറെ ബുദ്ധിമുട്ടുണ്ടാകുന്നുണ്ട്. നായ്ക്കളെ മാറ്റാൻ വാടകക്കാരി വീണ ജനാർദനൻ സമ്മതം അറിയിച്ചിട്ടുണ്ട്.

ജനങ്ങൾക്ക് ശല്ല്യമാകാത്ത വിധം നായ്ക്കളെ പുനരധിവസിപ്പിക്കണം. കെഎസ്ഇബിയുടെ ബ്രഹ്മപുരത്തെ സ്ഥലത്തോ, വന്ധ്യംകരണ കേന്ദ്രത്തിലോ പുന:രധിവസിപ്പിക്കാൻ സൗകര്യമൊരുക്കണമെന്നും റിപ്പോർട്ടിലുണ്ട്. നായ്ക്കളുടെ കുരയും ദുർഗന്ധവും അസഹനീയമാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചതോടെ കലക്ടറുടെ നിർദേശപ്രകാരം ജില്ലാ മൃഗസംരക്ഷണ ഉദ്യോഗസ്ഥൻ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തിയ ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

കുന്നത്തുനാട് പഞ്ചായത്തിലെ പത്താംവാർഡ് വെമ്പിള്ളിയിൽ റോഡിനോട് ചേർന്നാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ വാടകവീട്ടിൽ താമസപ്പിച്ചിരിക്കുന്നത്. പത്തനംതിട്ടക്കാരിയായ വീണ ജനാർദനൻ മൂന്നു മാസം മുൻപാണ് വീട് വാടകയ്ക്ക് എടുത്തത്. നായ്ക്കളുടെ കുരയും ദുർഗന്ധവും അസഹനീയമാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം രൂക്ഷമായതോടെയായിരുന്നു കലക്ടറുടെ ഇടപെടല്‍. നായ്ക്കളെ വളർത്താൻ അനുമതി നേടിയിട്ടില്ലെന്ന പ്രാഥമിക വിലയിരുത്തലിൽ ആർഡിഒയോട് നടപടിയെടുക്കാനും മൃഗക്ഷേമ ബോർഡിനോട് പരിശോധന നടത്താനും നിർദേശിച്ചിരുന്നു.

അതേസമയം, അറുപതിലധികം നായകളുണ്ടെന്നും ഷെൽട്ടർ ഹോം എന്ന നിലയിൽ അവയെ സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നുമാണ് വീട് വാടകയ്ക്കെടുത്ത വീണ ജനാർദനൻ മനോരമ ന്യൂസിനോട് പ്രതികരിച്ചത്. 

ENGLISH SUMMARY:

District Animal Husbandry Officer’s report recommends relocating dogs kept in a rented house in Pallikkara, Ernakulam, following public complaints about noise and odor.