കുട്ടികൾ സ്കൂളിൽ പോകാതിരിക്കാൻ വയറുവേദന അഭിനയിക്കുന്നത് പോലെയാണ് പാങ്ങോട് പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ അഫാൻ നാടകം കളിച്ചത്. നിർണായകമായ തെളിവെടുപ്പിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു അഫ്ഫാന്റെ ലക്ഷ്യം എന്നാണ് സൂചന. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലെ പ്രതിയായ അഫാനെ ഇന്നലെയാണ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ആത്മഹത്യാ പ്രവണത ഉള്ളതിനാൽ വിലങ്ങ് അണിയിച്ചാണ് അഫാനെ ലോക്കപ്പിൽ കിടത്തിയത്. കൈലി മുണ്ട് മാറ്റി ബർമുഡ വാങ്ങി നൽകുകയും ചെയ്തു പൊലീസ്.
രണ്ടു പൊലീസുകാർ ഉറങ്ങാതെ നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ രാവിലെ എഴുന്നേറ്റ ശേഷം അഫാൻ ശുചിമുറിയിൽ പോകണമെന്ന ആവശ്യപ്പെട്ടു. വിലങ്ങ് മാറ്റി, ലോക്കപ്പിനുള്ളിൽ തന്നെ ഉള്ള ശുചിമുറിയിലാണ് പോകാൻ അനുവദിച്ചു. ലോക്കപ്പും ശുചിമുറിയും തമ്മിൽ ഒരു അരമതിലിന്റെ മറ മാത്രമാണ് ഉള്ളത്. പിന്നെ പൊലീസുകാർ കാണുന്നത് ആ മതിലിന് മുകളിൽ കൂടി അഫാൻ വീഴുന്നതാണ്.
പൊലീസ് സ്റ്റേഷനിനുള്ളിൽ പൊലീസുകാർ പരക്കം പായുന്നത് കണ്ട് ഓടിയെത്തിയ മാധ്യമപ്രവർത്തകരോട്, അവൻ ചാടി കടക്കാൻ ശ്രമിച്ചപ്പോൾ വീണതാണെന്ന് പൊലീസുകാർ പറഞ്ഞു. ആത്മഹത്യാ ശ്രമമാണെന്നും പോലീസ് പറഞ്ഞു. ഉടൻ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. പിന്നെ രണ്ടു പൊലീസുകാർ താങ്ങിയെടുത്ത് അഫാനെ പുറത്തേക്ക് കൊണ്ടുവന്ന് ജീപ്പിൽ കയറ്റി.
എന്നാൽ കല്ലറ സർക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോൾ, ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലെന്ന് കണ്ടെത്തി. ബിപി നോർമൽ, തല ചുറ്റൽ ഇല്ല, ഒന്നുമില്ല.
ശുചിമുറിയാണ് പ്രശ്നം
ഇന്ത്യൻ മോഡൽ ക്ലോസെറ്റ് ഉപയോഗിച്ച് ശീലം ഇല്ലെന്നും, യൂറോപ്പ്യൻ മോഡൽ ശുചിമുറി ഉപയോഗിച്ച് മാത്രമേ ശീലമുള്ളൂ എന്നും അഫാൻ ഡോക്ടറിനോട് പറഞ്ഞു. ഇരുന്നിട്ട് എഴുന്നേറ്റപ്പോൾ തലചുറ്റിയതാണെന്നും ഇയാൾ ഡോക്ടറെ അറിയിച്ചു. തല ചുറ്റലിന് ഒരു മരുന്നു മാത്രമാണ് ഡോക്ടർ നൽകിയത്. പരിശോധന കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുമ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയത് പോലെ ആയിരുന്നില്ല അഫാൻ. നടക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. ഇതോടെ അഫാൻ നാടകം കളിച്ചതാണെന്ന് വ്യക്തമായി. Also Read: ‘എന്‍റെ മകൻ പോയി അല്ലേ’; നെഞ്ചുലഞ്ഞ് അഫ്‌സാന്‍റെ ഉമ്മ...
മീൻ ഇല്ലേ സാറേ എന്ന് അഫാൻ
കസ്റ്റഡിയിൽ വാങ്ങിയശേഷം പാങ്ങോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ച അഫാന് ഇന്നലെ ഉച്ചയ്ക്ക് ഊണ് വാങ്ങി നൽകിയിരുന്നു. എന്നാൽ ഊണിന് ഒപ്പം മീൻ ഇല്ലെന്ന് കണ്ടതോടെ മീൻ കറിയില്ലേ സാറേ എന്ന് അഫാൻ പൊലീസുകാരോട് ചോദിച്ചു. രാത്രി പൊറോട്ടയും മുട്ടക്കറിയും ആയിരുന്നു ഭക്ഷണം. ഭക്ഷണം കഴിക്കാത്തതല്ല തലചുറ്റലിന് കാരണമെന്നു പൊലീസുകാർ പറയുന്നുണ്ട്.