കളമശ്ശേരി സീപോർട്ട് എയർപോർട്ട് റോഡിൽ മെത്ത ഫാക്ടറിയുടെ ഗോഡൗണിൽ വൻ തീപിടിത്തം. സമീപത്തെ കെട്ടിടങ്ങളിലേക്കും തീ ആളിപ്പടർന്നു. കൂടംകുളത്തേക്ക് വൈദ്യുതി എത്തിക്കുന്ന കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈൻ പൊട്ടിവീണത് പരിഭ്രാന്തി പരത്തി. അഗ്നിരക്ഷാ സേനയെത്തി തീ നിയന്ത്രണവിധേയമാക്കി.
ഫാക്ടറിയുടെ ഗോഡൗണിൽ നിന്ന് അതിവേഗം തീ ആളിപ്പടർന്നത് സമീപത്തെ വാടക കെട്ടിടത്തിലേക്കാണ്. തീയും പുകയും ഉയരുന്നത് കണ്ട് താമസക്കാർ ഇറങ്ങി ഓടിയതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്.
സമീപത്തെ ജലശുദ്ധീകരണ ശാലയുടെ കെട്ടിടത്തിലും, ഗോഡൗണിന് തൊട്ടുപിന്നിലെ ഉടമയുടെ വീട്ടിലേക്കും തീ പടർന്നു. തീ ആളി പടർന്നതോടെ കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈൻ പൊട്ടിവീണു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കുമെന്നും ജനവാസ മേഖലയിലെ ഗോഡൗൺ അനുമതിയോടെയാണോ പ്രവർത്തിച്ചത് എന്ന് പരിശോധിക്കുമെന്നും ജില്ലാ ഫയർ ഓഫീസർ. രാവിലെ 10 മണിയോടെയാണ് തീ പടർന്നത്. ഗോഡൗണിനുള്ളിൽ നിർത്തിയിട്ടിരുന്ന രണ്ട് ലോറിയും പൂർണമായി കത്തി നശിച്ചു.