ഏറ്റുമാനൂരിലെ ഷൈനിയുടേയും മക്കളുടേയും ആത്മഹത്യയില്‍ നിര്‍ണായക തെളിവായ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ നടത്തിയ പരിശോധനയിലും ഫോണ്‍ കണ്ടെത്തിയില്ല. മരിക്കുന്നതിന് തലേന്ന് ഷൈനിയെ വിളിച്ചെന്ന് ഭര്‍ത്താവ് നോബി മൊഴി നല്‍കിയിരുന്നു. ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് പൊലീസിന്‍റെ നീക്കം.
ജീവനൊടുക്കുന്നതിന് മണിക്കൂറുകൾ മുൻപ് ഷൈനിയെ നോബി വിളിച്ചിരുന്നതായി ഷൈനിയുടെ അച്ഛന്‍ കുര്യാക്കോസും വെളിപ്പെടുത്തിയിരുന്നു. ഒന്‍പത് മാസം മുന്‍പ് ഭർതൃവീട്ടുകാർ ഷൈനിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിന്റെ വീട്ടിൽ പീഡനം നേരിട്ടുവെന്നും പിതാവ് പൊലീസിനോട് വിശദീകരിച്ചിരുന്നു.
ഫെബ്രുവരി 28 നാണ് കോട്ടയം–നിലമ്പൂര്‍ എക്സ്പ്രസിന് മുന്നില്‍ ചാടി ഷൈനിയും മക്കളായ ഇവാനയും അലീനയും ജീവനൊടുക്കിയത്. ട്രെയിന്‍ വരുമ്പോള്‍ മൂവരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ഹോണ്‍ മുഴക്കിയിട്ടും മാറിയില്ലെന്നും ലോക്കോ പൈലറ്റ് വെളിപ്പെടുത്തിയിരുന്നു.