ആരോഗ്യ കേരളത്തിൽ വീട്ടിലെ പ്രസവത്തിലൂടെ അമ്മയേയും കുഞ്ഞിനേയും കൊലയ്ക്ക് കൊടുക്കുന്നവരുടെ എണ്ണത്തിൽ വർധന. 5 വർഷത്തിനിടെ 18 കുഞ്ഞുങ്ങളാണ് വീട്ടിലെ പ്രസവത്തിൽ മരിച്ചത്. ആധുനിക ചികിൽസയോടും വാക്സീനോടുമുള്ള വിമുഖതയും അക്യുപംക്ചർ ചികിൽസാ രീതിയുടെ പ്രചാരവുമാണ് വീട്ടിലെ പ്രസവങ്ങളുടെ എണ്ണമുയർത്തിയത്.
ശിശു മരണ നിരക്ക് നിയന്ത്രിക്കുന്നതിൽ മാതൃകയായ കേരളത്തിൽ 2020 നു ശേഷമാണ് വീട്ടിലെ പ്രസവങ്ങള്‍ മൂലമുണ്ടാകുന്ന മരണങ്ങളുടെ എണ്ണം വര്‍ധിച്ചത്. 2021 ൽ ഒരു മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 2022 ലും 23 ലും 4 കുഞ്ഞുങ്ങൾ വീതവും വീട്ടിലെ പ്രസവത്തിലൂടെ മരിച്ചിട്ടുണ്ട്.
2024 ൽ ഏപ്രിൽ മുതൽ ഡിസംബർ വരെ കാലയളവിൽ 9 കുഞ്ഞുങ്ങളുടെ ജീവനാണ് ഇല്ലാതായത്. ആലപ്പുഴ , എറണാകുളം , തൃശൂർ ജില്ലകളിൽ രണ്ടു വീതവും തിരുവനന്തപുരം , കൊല്ലം , കോഴിക്കോട് ജില്ലകളിൽ ഓരോ കുട്ടി കളും മരിച്ചു .തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ രണ്ട് അമ്മമാരുടെ മരണവും വീട്ടിലെ പ്രസവാനന്തരം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അശാസ്ത്രീയ ചികിൽസാ രീതികൾ 5 വർഷം കൊണ്ട് കവർന്നത് 18 കുഞ്ഞുങ്ങളുടെ ജീവൻ. പ്രസവ സമയം ഡോക്ടർമാരുൾപ്പെടെ ബന്ധുക്കളല്ലാത്തവരുടെ സാന്നിധ്യം ഒഴിവാക്കാൻ , കുട്ടികൾക്ക് വാക്സീൻ കൊടുക്കുന്നത് തടയാൻ, ആധുനിക ചികിൽസാ രീതികളോടുള്ള വിശ്വാസമില്ലായ്മ തുടങ്ങിയ കാരണങ്ങളാണ് വീട്ടിലെ പ്രസവത്തിന് പിന്നിൽ. പ്രസവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവമുൾപ്പെടെ നിയന്ത്രിക്കാൻ ആധുനിക സംവിധാനങ്ങളുള്ള ആശുപത്രികൾക്കേ കഴിയൂ എന്ന മുന്നറിയിപ്പുകൾക്ക് യാതൊരു വിലയും നല്‍കുന്നില്ല.