ഏറ്റുമാനൂരിൽ അമ്മയും പെൺമക്കളും ആത്മഹത്യ ചെയ്ത കേസിൽ മരിച്ച ഷൈനിയും കരിങ്കുന്നം കുടുംബശ്രീ പ്രസിഡന്റും തമ്മിലുള്ള ശബ്ദ സംഭാഷണം പുറത്ത്. കരിങ്കുന്നത്തെ കുടുംബശ്രീ വായ്പ തിരിച്ചടക്കാൻ വഴിയില്ലെന്ന് ഷൈനി പറയുന്നതാണ് ശബ്ദ സംഭാഷണത്തിൽ ഉള്ളത്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മള്ളുശ്ശേരി സെന്റ് തോമസ്, നീണ്ടൂർ സെന്റ് മൈക്കിൾസ് ക്നാനായ പള്ളികളിൽ വിശ്വാസികൾ പ്രതിഷേധിച്ചു.
ഭർത്താവ് നോബിയുടെ ക്രൂരപീഡനം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് 9 മാസങ്ങൾക്കു മുൻപ് എത്തിയെങ്കിലും കടബാധ്യതകൾ ആയിരുന്നു ഷൈനിയെ ഉലച്ചു കളഞ്ഞത്. വിവാഹമോചനക്കേസിലേക്ക് കാര്യങ്ങൾ നീങ്ങിയതോടെ നോബി പണം തരുന്നത് നിർത്തി. നോബിയുടെ കുടുംബത്തിനുവേണ്ടി എടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങി. പിന്നാലെ കുടുംബശ്രീ അംഗങ്ങൾ കരിങ്കുന്നം പൊലീസിൽ പരാതി നൽകിയിരുന്നു. മരിച്ച ഷൈനി ഇനി 1,26,000 രൂപ തിരിച്ചടക്കാനുണ്ട്. ആരുടെയും പരിഗണനയും കരുതലും കിട്ടാതെ മരണപ്പെട്ടുപോയ ഷൈനിക്കും മക്കൾക്കും ഇനിയെങ്കിലും നീതി കിട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ സമരങ്ങളും നടന്നു.
കഴിഞ്ഞമാസം 28നാണ് ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശിനിയായ ഷൈനിയും രണ്ടു പെൺമക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്. കേസിൽ ഷൈനിയുടെ ഭർത്താവ് നോബി റിമാൻഡിലാണ്. കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്ന അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും ഏറ്റുമാനൂർ പൊലീസ് കൂടുതൽ പ്രതികളെ കണ്ടെത്തിയിട്ടില്ല.