കാസര്‍കോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയും ഒപ്പമുണ്ടായിരുന്ന യുവാവും മരിച്ച നിലയില്‍. പതിനഞ്ചുകാരിയേയും 42കാരനേയും കാണാതായത് കഴിഞ്ഞമാസം 12നാണ്. മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയിലാണ്. കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹങ്ങള്‍ പെണ്‍കുട്ടിയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന അതേ വസ്ത്രമാണ് മൃതദേഹത്തിലും. പെണ്‍കുട്ടിയുടെ വീടുമായി അടുത്തബന്ധം പുലര്‍ത്തിയ ആളാണ് പ്രദീപ്. രണ്ടുപേരുടേയും മൃതദേഹങ്ങള്‍ക്കടുത്ത് രണ്ടു ഫോണുകള്‍ കണ്ടെത്തി. ഒരു കത്തിയും ഒരു ചോക്ലേറ്റും മൃതദേഹങ്ങള്‍ക്ക് സമീപമുണ്ടായിരുന്നു.
ഫെബ്രുവരി 12ന് പുലര്‍ച്ചെ നാലേമുക്കാലോടെ ഉറക്കമുണര്‍ന്ന ഇളയ കുട്ടിയാണ് ചേച്ചിയെ കാണാനില്ലെന്ന് ആദ്യം മനസിലാക്കുന്നത്. മൊബൈല്‍ഫോണ്‍ മാത്രമാണ് പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത്. വിളിച്ചപ്പോള്‍ ആദ്യം റിങ് ചെയ്തെങ്കിലും പിന്നെ സ്വിച്ച്ഡ് ഓഫ് ആയി.
തിരച്ചിലാരംഭിച്ച പൊലീസ് പ്രദീപിന്റെ ഫോണ്‍ ലൊക്കേഷന്‍ നോക്കിയപ്പോള്‍ വീടിനു സമീപത്തെ കാട്ടിലെത്തിയതായി മനസിലാക്കിയിരുന്നു. പ്രദേശവാസികളുടെ കൂടി സഹായത്തോടെ പൊലീസ് ഈ മേഖലകളിലെല്ലാം പരിശോധന നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചിരുന്നില്ല. പ്രദീപ് പോകാൻ ഇടയുള്ള കർണാടക മടിക്കേരിയിലെ ബന്ധുവീടുകളിൽ പൊലീസ് നേരത്തെ പരിശോധന നടത്തിയിരുന്നു.