ഇടുക്കി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ കുരിശ് പണിതു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് കയ്യേറി റിസോർട്ട് നിർമിച്ചിരിക്കുന്ന സ്ഥലത്താണ് കുരിശ് പണിതത്. പ്രദേശത്ത് സ്റ്റോപ്പ് മെമ്മോ നൽകിയ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്നാണ് കുരിശ് നിർമ്മാണം. മൂന്നേക്കർ 31 സെന്റ് സർക്കാർ ഭൂമിയിലാണ് കുരിശ് നിർമ്മിച്ചത്. സർക്കാർ ഭൂമി കയ്യേറി സജിത്ത് വൻകിട റിസോർട്ട് പണിതതായി ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

ഈ മാസം രണ്ടാം തീയതി പരുന്തുംപാറയിലെ കയ്യേറ്റ ഭൂമികൾ കേന്ദ്രീകരിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലാ കലക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയി. ഇത് അവഗണിച്ചാണ് കുരിശ് നിർമ്മാണം പൂർത്തിയാക്കിയത്. മേഖലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താതിരിക്കാൻ പീരുമേട് തഹസിൽദാരെ ചുമതലപ്പെടുത്തിയിരുന്നു. കയ്യേറ്റ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ പാടില്ലെന്നിരിക്കെ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടയാണ് കുരിശിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

മറ്റൊരു സ്ഥലത്ത് വെച്ച് പണിത കുരിശ് കയ്യേറ്റ ഭൂമിയിൽ സ്ഥാപിക്കുകയാണ് ചെയ്തതെന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ വിശദീകരണം. പരുന്തുംപാറ വാഗമൺ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയ ഏഴ് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. 2017 ൽ ജില്ലയിലെ സൂര്യനെല്ലിയിലെ കയ്യേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശ് വിവാദങ്ങൾക്കിടെ ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റിയിരുന്നു.

ENGLISH SUMMARY:

A cross was built on encroached land in Parunthumpara, Idukki. Sajith Joseph, a native of Thrikkodithanam, Changanassery, built the cross on the land where the resort was built. The cross was built in violation of the order of the District Collector who had issued a stop memo in the area. The cross was built on 3 acres 31 cents of government land. A special investigation team appointed by the High Court had found that Sajith had built a large-scale resort by encroaching on government land.