ksu-campus-jagarana-yatra-anti-drug-awareness-kerala

TOPICS COVERED

കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസ്സുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  "ലഹരി മാഫിയക്കെതിരെ വിദ്യാർത്ഥി മുന്നേറ്റം" എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ നയിക്കുന്ന ലഹരി വിരുദ്ധ ബോധ വത്കരണ ജാഥ " ക്യാമ്പസ് ജാഗരൻ യാത്രയ്ക്ക് " നാളെ കാസർഗോഡ് നിന്ന് തുടക്കമാകും. കാസർഗോഡ് ഗവൺമെന്റ് ഐറ്റിഐയിൽ രാവിലെ 11ന് എൻ.എസ്.യു.ഐ ദേശീയ പ്രസിഡന്റ് വരുൺ ചൗധരി ഉദ്ഘാടനം ചെയ്യുന്ന യാത്ര മാർച്ച് 19ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ സമാപിക്കുക.

എല്ലാ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട ഒരു ക്യാമ്പസിലാകും യാത്ര എത്തിച്ചേരുക. ഇതിനോടനുബന്ധിച്ച് യൂണിറ്റ് - നിയോജക മണ്ഡലം തലങ്ങളിൽ ലഹരിക്കെതിരെ  ജാഗ്രതാ സദസ്സുകളും, വിവിധ ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കും. സംസ്ഥാന തലത്തിൽ കെ.എസ്.യു  ലഹരി വിരുദ്ധ സേനയ്ക്കും രൂപം നൽകും. ഒരു ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട  അഞ്ചു വീതം പ്രതിനിധികളാകും ഈ സേനയിൽ പങ്കാളികളാകുക. യാത്രയോടനുബന്ധിച്ച് ജില്ലാ പ്രസിഡൻ്റുമാർ സംസ്ഥാന പ്രസിഡൻ്റിന് ലിസ്റ്റ് കൈമാറും. നാളെ കാസർഗോട് ഐ.റ്റി.ഐ, കണ്ണൂർ എസ്.എൻ കോളേജ് എന്നിവിടങ്ങളിലാകും പര്യടനം നടത്തുക.

കേരളത്തിൽ അഴിഞ്ഞാടുന്ന രാസ ലഹരി സിൻഡിക്കേറ്റിനെതിരെ കെ.എസ്.യു പോരാട്ടം ശക്തമാക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റുമാരായ എം.ജെ യദുകൃഷ്ണൻ, മുഹമ്മദ് ഷമ്മാസ്, ആൻ സെബാസ്റ്റ്യൻ, അരുൺ രാജേന്ദ്രൻ എന്നിവർ ജാഥാ വൈസ് ക്യാപ്റ്റന്മാർ ആയിരിക്കും. തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന - ജില്ലാ ഭാരവാഹികൾ സ്ഥിരാംഗങ്ങളാകും. കേരളത്തിന്റെ ചുമതലയുള്ള എൻ.എസ്.യു.ഐ ദേശീയ ജന.സെക്രട്ടറി അനുലേഖ ബൂസയും ജാഥയിൽ പങ്കെടുക്കും.

ENGLISH SUMMARY:

The Kerala Students Union (KSU) is launching the "Campus Jagarana Yatra" tomorrow from Kasaragod under the leadership of State President Aloysius Xavier, raising the slogan against the drug mafia. The awareness march, inaugurated by NSUI National President Varun Chaudhary at Kasaragod Government ITI, will conclude on March 19 at University College, Thiruvananthapuram. The initiative includes anti-drug awareness programs at selected campuses across districts, along with the formation of a KSU-led anti-drug task force.