ക്ഷേമനിധി ബോർഡുകളിലെ അംഗങ്ങളുടെ പെൻഷൻ കൂട്ടുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ. ക്ഷേമനിധി ബോർഡിലെ പെൻഷൻ കുടിശിക ഉയർത്തി പ്രതിപക്ഷം നൽകിയ അടിയന്തരപ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. കെട്ടിട നിർമാണതൊഴിലാളി പെൻഷൻ 14 മാസമായി മുടങ്ങിക്കിടക്കുന്നത് ഉയർത്തി പ്രതിപക്ഷം സർക്കാരിനെ പ്രതികൂട്ടിൽ നിർത്തി.
സംസ്ഥാനത്തെ ക്ഷേമനിധി ബോർഡുകളിലെ പെൻഷൻ കുടിശിക, സി.പി.എമ്മിന്റെ മാറുന്ന നയങ്ങളോട് ചേർത്താണ് എം.വിൻസന്റ് സഭയിൽ എത്തിച്ചത്. പ്രസംഗം റീലാക്കാൻ വേണ്ടിയാണെന്ന് വിമർശിച്ച ധനമന്ത്രി, മൂന്നുമാസത്തെ കുടിശിക മാത്രമാണുള്ളതെന്നും പെൻഷൻ ഉയർത്തുമെന്നും പറഞ്ഞു. അതേസമയം, നിസംഗമായിട്ടാണ് വിഷയത്തെ സർക്കാർ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന് അടിയന്തരപ്രമേയ നോട്ടിസിന് മറുപടി പറയേണ്ടിയിരുന്നത് തൊഴിൽ വി.ശിവൻകുട്ടിയാണ്. അനാരോഗ്യം മൂലം ശിവൻകുട്ടി സഭയിലിൽ ഇല്ലാത്തതിനാൽ മറുപടിക്കായി സ്പീക്കർ ക്ഷണിച്ചത് മന്ത്രി എം.ബി.രാജേഷിനെയാണ്. മറുപടി പറയാൻ എഴുന്നേറ്റത് ആകട്ടെ കെ.എൻ.ബാലഗോപാലും. സംസ്ഥാന സമ്മേളനത്തിന് തൊട്ടുപിന്നാലെ സഭയിലുണ്ടായ ഈ ആശയക്കുഴപ്പവും രാഷ്ട്രീയ വായനയ്ക്ക് വിധേയമായി.