ആശമാരുടെ ഇന്‍സെന്‍റീവ് ഇനത്തില്‍ കേരളത്തിന് ഒറ്റപ്പൈസ കുടിശികയില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ രാജ്യസഭയില്‍. പണം വിനിയോഗിച്ചതിന്‍റെ രേഖ കേരളം നല്‍കിയിട്ടില്ല. ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്‍റീവ് വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശമാര്‍ക്ക് കേരളം പ്രതിമാസം നല്‍കുന്നത് 6,000 രൂപയെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ മറുപടി പറയുന്നു.
ആശ പ്രവര്‍ത്തകരുടെ ഇന്‍സെന്‍റീവ്‍ വര്‍ധിപ്പിക്കണെന്ന ദേശീയ ആരോഗ്യദൗത്യ ഉന്നതതല സമിതി യോഗത്തിലെ ശുപാര്‍ശ അംഗീകരിച്ചതാണെന്നും നടപടികള്‍ മുന്നോട്ട് പോവുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയില്‍ പറഞ്ഞു. ആശ ഇന്‍സെന്‍റീവ് ഇനത്തില്‍ കേരളത്തിന് കുടിശികയൊന്നും നല്‍കാനില്ലെന്നും ജെ.പി നഡ്ല വ്യക്തമാക്കി. 2023–24 സാമ്പത്തിക വര്‍ഷത്തെ കുടിശിക നല്‍കമോയെന്ന പി. സന്തോഷ് കുമാറിന്‍റെ ചോദ്യത്തിനുകൂടിയായിരുന്നു ഈ മറുപടി. നല്‍കിയ ഫണ്ട് വിനിയോഗിച്ചതിന്‍റെ രേഖ കേരളം നല്‍കിയിട്ടില്ല എന്നും മന്ത്രി പറഞ്ഞു .
എന്നാല്‍ കുടിശിക പൂര്‍ണമായി നല്‍കിയെന്ന പ്രസ്താവന തെറ്റാണെന്നും മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടിസ് നല്‍കുമെന്നും പി.സന്തോഷ് കുമാര്‍ പറഞ്ഞു. ആശ പ്രവര്‍ത്തകര്‍ക്ക് കേരളം പ്രതിമാസം നല്‍കുന്നത് 6,000 രൂപയാണെന്ന് ഹാരിസ് ബീരാന് രാജ്യസഭയില്‍ ആരോഗ്യ സഹമന്ത്രി പ്രതാപ് റാവു ജാദവ് നല്‍കിയ മറുപടി പറയുന്നു. സിക്കിം പതിനായിരമാക്കി ഓണറേറിയം ഉയര്‍ത്തി. ആന്ധ്രപ്രദേശില്‍ ആകെ ലഭിക്കുന്നത് 10,000 രൂപയാണെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി.
എന്നാല്‍ ദേശീയ ആരോഗ്യമിഷന്റെ ഭാഗമായി 2024ല്‍ കേന്ദ്രം തന്നത് പൂജ്യം രൂപയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൂടുതല്‍ തുക അനുവദിക്കുമെന്ന കേന്ദ്ര നിലപാട് സ്വാഗതാര്‍ഹമാണ്. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യവും ഇതുതന്നെയാണെന്നും വീണാ ജോര്‍ജ്. 2023-24ല്‍ കേരളത്തിന് 87 കോടി നല്‍കിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു
അതിനിടെ, ആശ പ്രവര്‍ത്തകരുടെ സമരം ഒത്തു തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് എം.പിമാര്‍ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിച്ചു. കേന്ദ്രവും കേരളവും കൂടിയാലോചിച്ച് പ്രശ്ന പരിഹാരം കാണണണെന്ന് എം.പിമാര്‍ ആവശ്യപ്പെട്ടു.