സംസ്ഥാനത്ത് സൂര്യാതപമേറ്റ് മൂന്നു പേർക്ക് പരുക്ക്. പത്തനംതിട്ടയിലും കോഴിക്കോടും മലപ്പുറത്തുമുള്ളവർക്കാണ് സൂര്യാതപമേറ്റത്. ചൂട് കൂടുന്ന സാഹചര്യത്തിൽ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
പത്തനംതിട്ട കോന്നി ഗ്രാമപഞ്ചായത്ത് അംഗം ജി. ഉദയനാണ് ഇന്ന് ഉച്ചയ്ക്ക് സൂര്യാഘാതമേറ്റത്. വലത് കൈക്ക് പൊള്ളലേറ്റ ഉദയൻ ആശുപത്രിയിൽ ചികിത്സ തേടി. കോഴിക്കോട് ആനയാംകുന്ന് സ്വദേശി സുരേഷിന് ഇന്നലെയാണ് സൂര്യാഘാതമേറ്റത്. കഴിഞ്ഞ ദിവസം വാഴത്തോട്ടത്തിൽ ജോലി ചെയ്യുമ്പോഴാണ് കഴുത്തിൽ പൊള്ളലേറ്റത്. വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് പൊള്ളൽ കണ്ടത്. മുക്കം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി.
മലപ്പുറം തിരൂരങ്ങാടി ചെറുമുക്കൽ ഹുസൈനും സൂര്യാതപമേറ്റു. ഇന്നലെ ഉച്ചയ്ക്ക് വീടിന്റെ മുകളിൽ ജോലി ചെയ്യുന്നതിനിടെയാണ് ഹുസൈന്റെ വലതു കൈയിലും കഴുത്തിലും സൂര്യാതപമേറ്റത്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെ താപനില കൂടും. എറണാകുളത്തും മലപ്പുറത്തും 37 ഡിഗ്രി വരെ താപനില കൂടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.