കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ കുടല്‍ മുറിഞ്ഞു യുവതി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ഡോക്ടര്‍മാരുടെ ഗുരുതരമായ പിഴവാണ് വിലാസിനിയെന്ന രോഗിയുടെ മരണത്തിനു കാരണമെന്ന് ബന്ധുക്കള്‍ പറയുന്നു. ആദ്യം പറഞ്ഞത് ഒരു സ്ക്രാച്ച് വന്നെന്നാണ് പിന്നീടാണ് ചെറിയ മുറിവല്ല സംഭവിച്ചതെന്ന് മനസിലായതെന്നും ബന്ധുക്കള്‍ വ്യക്തമാക്കുന്നു.
ഈ മാസം നാലാം തിയ്യതിയാണ് വിലാസിനിയെ ശസ്ത്രക്രിയയ്ക്കായി കോഴിക്കോട് മെഡി.കോളജില്‍ അഡ്മിറ്റ് ചെയ്തത്. ഏഴാം തിയ്യതിയായിരുന്നു സര്‍ജറി. സര്‍ജറി കഴിഞ്ഞ് വൈകിട്ട് മൂന്നുമണിയോടെ തിയേറ്ററില്‍ നിന്നും പുറത്തിറക്കി. സര്‍ജറി എല്ലാം സക്സസ് ആണ് എന്നാലും കുടലിന് ചെറിയൊരു മിസ്റ്റേക് വന്നിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അത് കുഴപ്പമൊന്നുമില്ല, സ്റ്റിച്ച് ഇട്ടിട്ടുണ്ടെന്നും പറഞ്ഞു. സ്റ്റിച്ചിടാന്‍ മാത്രം വലിയ മുറിവാണോയെന്ന് ബന്ധുക്കള്‍ ഡോക്ടര്‍മാരോട് ചോദിച്ചു, കുടല്‍ ഒരു പ്രധാന അവയവമാണ് അതുകൊണ്ടാണ് സ്റ്റിച്ചിട്ടതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
പിറ്റേദിവസം വിലാസിനിയെ പേവാര്‍ഡിലേക്ക് മാറ്റി. അന്ന് കുഴപ്പമുണ്ടായിരുന്നില്ല. എന്നാല്‍ അടുത്ത ദിവസം ഡോക്ടര്‍ റൗണ്ട്സിനു വന്നപ്പോള്‍ രോഗിക്ക് ഭക്ഷണമെല്ലാം കൊടുത്തുതുടങ്ങാന്‍ പറഞ്ഞു, ഇതുപ്രകാരം രാവിലെ ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ കടുത്ത വയറുവേദന വന്നു, അതുസാരമില്ല ഗ്യാസ് ആവുമെന്ന് പറഞ്ഞു ഡോക്ടര്‍ ഗുളിക നല്‍കി, ആശ്വാസം ഇല്ലാതെ വന്നപ്പോള്‍ പാരസെറ്റമോളിന്റെ ഡോസ് കൂട്ടി നല്‍കി, വൈകിട്ട് ആയതോടെ ഐസിയുവിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ടു.
ടെസ്റ്റുകളെല്ലാം ചെയ്തെങ്കിലും പ്രത്യേകിച്ച് വിവരങ്ങളൊന്നും പറയാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പിറ്റേദിവസം, തിങ്കളാഴ്ച രാവിലെ വന്ന് ചെറിയ ഇന്‍ഫക്ഷന്‍ ഉണ്ടെന്നറിയിച്ചു, അപ്പോഴേക്കും കടുത്ത ഗുരുതരമായ അവസ്ഥയിലേക്ക് മാറിയിരുന്നു. എമര്‍ന്‍സി സര്‍ജറി വേണമെന്ന് പറഞ്ഞു, രണ്ടുദിവസം മുന്‍പ് അനസ്തീസിയ നല്‍കിയതല്ലേയെന്ന ്ചോദിച്ചപ്പോള്‍ കുഴപ്പമില്ലെന്നായിരുന്നു മറുപടി. സര്‍ജറി വൈകിട്ട് കഴിഞ്ഞെങ്കിലും നാലുമണിക്കൂര്‍ കഴിഞ്ഞിട്ടും ബോധം വന്നില്ല. തുടര്‍ന്ന് മിംസ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഗുരുതരമായ ചികിത്സാപ്പിഴവാണ് സംഭവിച്ചതെന്നും രോഗികള്‍ ആരോപിക്കുന്നു.