ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലിറങ്ങിയ കടുവയെ കണ്ടെത്താൻ കൂടുതൽ ഇടങ്ങളിലേക്ക് തിരച്ചിൽ വ്യാപിപ്പിച്ച് വനംവകുപ്പ്. പിൻകാലിന് പരുക്കേറ്റ കടുവ ജനവാസമേഖലയിൽ ഉണ്ടെന്നാണ് വനംവകുപ്പിന്റെ നിഗമനം. മേഖലയിൽ രണ്ട് ദിവസത്തേക്ക് ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദേശം നൽകി
രണ്ട് മാസമായി ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഭീതി വിതച്ച കടുവയെ കണ്ടെത്താൻ ഇന്നലെ വൈകിട്ട് വരെ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ജനവാസമേഖലയ്ക്ക് സമീപം പൊന്തക്കാട്ടിൽ കടുവയുടെ സാന്നിധ്യം നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാൽ കടുവ ഇവിടെ നിന്ന് മാറിയെന്നാണ് വനംവകുപ്പിന്റെ വിശദീകരണം
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കടുവ അധിക ദൂരം സഞ്ചരിക്കാൻ സാധ്യതയില്ല. കടുവയുടെ കാൽപ്പാടുകൾ കേന്ദ്രീകരിച്ചാവും തിരച്ചിൽ നടത്തുക. കടുവ എവിടെയാണെന്ന് സ്ഥിരീകരിച്ചാൽ ജനവാസ മേഖലക്ക് സമീപം സ്ഥാപിച്ച കൂട് മാറ്റി സ്ഥാപിക്കും. ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കടുവായെ കണ്ടെത്തുന്നതുവരെ മേഖലയിൽ പെട്രോളിങ് നടത്തുമെന്നും വനം വകുപ്പ് അറിയിച്ചു.