medicine-mistake-kannur-medical-shop-owner-admission-baby-recovery

കണ്ണൂരില്‍ കുഞ്ഞിന് മരുന്ന് മാറി നല്‍കിയത് അബദ്ധത്തിലെന്ന് ഖ‍ദീജ മെഡിക്കല്‍സ് ഉടമ. തുള്ളിമരുന്നിന്‍റെ അളവ് വാങ്ങിയവര്‍ തന്നെ തീരുമാനിച്ചെന്നും, തങ്ങള്‍ എഴുതിക്കൊടുക്കാന്‍ വിട്ടുപോയെന്നും ഉടമ ഇ.കെ നാസര്‍ വിശദീകരിക്കുന്നു. ചികിത്സയില്‍ കഴിയുന്ന എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഇന്ന് ആശുപത്രിവിടും.

വര്‍ഷങ്ങളായി മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തക്കുന്ന മരുന്നുകടയുടെ ഉടമ നല്‍കുന്ന വിശദീകരണങ്ങള്‍ വിചിത്രം. ഡോക്ടര്‍ കുറിച്ച കാല്‍പോള്‍ സിറപ്പ് ഫാര്‍മസിയിലുണ്ടായിരുന്നു. എന്നാല്‍ കാല്‍പോള്‍ തുള്ളിമരുന്ന് കൊടുത്തത് അബദ്ധം.. കൂടാതെ തുള്ളിമരുന്നിന്‍റെ അളവ് നിശ്ചയിച്ചത് കുട്ടിയുടെ വീട്ടുകാരെന്നും പടുന്യായം. ഡോക്ടറുടെ കുറിപ്പടിയില്‍ എന്താണോ എഴുതിയത്, അത് കൊടുക്കാന്‍ മാത്രം ബാധ്യതയുള്ള, മരുന്നില്‍ കഴിക്കേണ്ടവിധം എഴുതിക്കൊടുക്കേണ്ട ഉത്തരവാദിത്തമുള്ള ഫാര്‍മസി ഉടമയാണിത് പറയുന്നത്. 

ഡോക്ടറുടെ കുറിപ്പടിയുമായി തന്നെയാണോ മരുന്ന് വാങ്ങാനെത്തിയതെന്നും, സിറപ്പും തുള്ളിമരുന്നും തമ്മിലുള്ള അളവുവ്യത്യാസം അറിയില്ലേ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് നിഷേധാത്മകമായിരുന്നു മറുപടി. അതേസമയം, എട്ടുമാസം പ്രായമുള്ള കുഞ്ഞ് ആരോഗ്യവാനായി ചിരിയും കളിയും തുടങ്ങി.

ലിവന്‍ എന്‍സൈമുകളുടെ അളവ് സാധാരണ നിലയിലേക്കെത്തി. ഇന്ന് നടത്തിയ പരിശോധനയിലാണ് ഇത് വ്യക്തമായത്. അതിനാല്‍ കുട്ടിക്ക് ഇന്ന് വീട്ടിലേക്ക് പോകാം. ആറുദിവസത്തെ ആശുപത്രിവാസത്തിനൊടുവിലാണ് കുഞ്ഞ് മടങ്ങാനൊരുങ്ങുന്നത്. അതേസമയം, പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പ് ഇന്ന് തുറന്നില്ല. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പൊലീസ് നിര്‍ദേശപ്രകാരം അടച്ചിട്ടിരിക്കുകയാണ്.

ENGLISH SUMMARY:

EK Nassar, the owner of Khadeeja Medical Shop in Kannur, admitted that the wrong medicine was given by mistake. He stated that the dosage was decided by the buyers themselves. The eight-month-old baby, who suffered severe liver complications due to the error, is now recovering. Recent blood tests show improvement, and the child will be moved from the ICU to a regular room today.