കൊല്ലം ആവണീശ്വരത്തുനിന്ന് കാണാതായ പെണ്‍കുട്ടി തിരൂരില്‍. ഭക്ഷണം കഴിക്കാത്തതിന് അമ്മ വഴക്കുപറഞ്ഞതിനാണ് ഇന്നലെ പെണ്‍കുട്ടി വീടുവിട്ടിറങ്ങിയതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. തിരൂരില്‍ നിന്ന് പെണ്‍കുട്ടി മുത്തച്ഛനെ ഫോണില്‍ വിളിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.
ട്രെയിനില്‍ കയറാന്‍ വന്ന സ്ത്രീയുടെ ഫോണില്‍ നിന്നാണ് കുട്ടി വിളിച്ചതെന്നും അവിടെ സേഫാണെന്നും പിതാവ് അറിയിച്ചു. അമ്മയുടെ ഫോണിലേക്കാണ് കുട്ടി വിളിച്ചത്. മുത്തച്ഛനായിരുന്നു ഫോണെടുത്തത്. തിരൂരില്‍ എത്തിയെന്നാണ് കുട്ടി അറിയിച്ചത്. തിരൂരിലെ അറബിക് കോളജില്‍ പഠിക്കുന്ന സഹോദരനെ കാണാന്‍ എത്തിയതാണെന്നാണ് വിവരം.
മാതാപിതാക്കള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇന്നലെ കൊല്ലം കുന്നിക്കോട് ആവണീശ്വരത്തു നിന്നാണ് പതിമൂന്ന് വയസുകാരിയെ കാണാതായത്. ഇന്നലെ ഉച്ചയ്ക്ക് മിഠായി വാങ്ങാൻ കടയിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടി മടങ്ങി വന്നില്ലെന്നാണ് മാതാപിതാക്കൾ പൊലീസിൽ നൽകിയ പരാതി.