ഇടുക്കി വണ്ടിപ്പെരിയാർ ഗ്രാമ്പിയിലെ ജനവാസമേഖലയിൽ ഭീതി വിതച്ച കടുവയെ ആറാം ദിനവും പിടികൂടാനാകാതെ വനംവകുപ്പ്. കടുവയെ ഇതുവരെ വനംവകുപ്പിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇന്ന് മയക്കുവെടി വെച്ച് കടുവയെ പിടികൂടിയില്ലെങ്കിൽ പ്രതിഷേധിക്കുമെന്ന നിലപാടിലാണ് നാട്ടുകാർ.
ഇന്നലെ രാത്രി വരെ ഗ്രാമ്പിയിലെ ചതുപ്പ് നിലത്ത് കടുവയെ വനംവകുപ്പ് ട്രാക്ക് ചെയ്തിരുന്നു. എന്നാൽ ഇന്ന് രാവിലെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് വനംവകുപ്പ് കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തിയത്.
കടുവയെ കണ്ടെത്താൻ 50 പേരടങ്ങുന്ന വനംവകുപ്പ് സംഘം പരിശോധന തുടരുകയാണ് മനുഷ്യരെയും വന്യജീവികളെയും സംരക്ഷിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് വനംമന്ത്രി പറഞ്ഞു.