പാചകവാതക വിതരണ ഏജന്‍സി ഉടമയോട് കൈക്കൂലി ആവശ്യപ്പെട്ട ഐ.ഒ.സി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെ പിടികൂടിയത് അതീവകരുതലോടെ. ഓപ്പറേഷന്‍ ഹസ്തയിലൂടെയാണ് അലക്സ് മാത്യു പിടിയിലായത്. വിജിലന്‍സ് നടത്തിയത് ദേശീയ ഏജന്‍സികളെ വെല്ലുന്ന ഓപറേഷനാണ്. മുന്‍ ഇ.ഡി തലവന്‍ കൂടിയായ വിജിലന്‍സ് ഡയറക്ടര്‍  യോഗേഷ് ഗുപ്തയുടെ അടിമുടിയുള്ള മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍ നടന്നത്. 

വിശ്വസ്തരായ ഉദ്യോഗസ്ഥര്‍മാര്‍ മാത്രം അറിഞ്ഞുള്ള ഓപറേഷന്‍ 

കൈക്കൂലി ആവശ്യപ്പെട്ടയുടന്‍  പാചക വിതരണ ഏജന്‍സി ഉടമ മനോജ് ആദ്യം സമീപിച്ചത് സി.ബി.ഐയെ. എന്നാല്‍ കോടതി വഴി വന്നാലെ തങ്ങള്‍ക്ക് കേസ് എടുക്കാന്‍ കഴിയൂ എന്നു കാണിച്ച് വിജിലന്‍സിനെ സമീപിക്കാനുള്ള ഉപദേശവും നല്‍കി സിബിഐ പരാതിക്കാരനെ മടക്കി. ഐ.ഒ.സി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യു 10 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നു വിജിലന്‍സിലെത്തി പരാതി പറഞ്ഞു. പരാതി ഉദ്യോഗസ്ഥര്‍ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയെ അറിയിച്ചു. പരാതി വമ്പന്‍ സ്രാവിനെതിരെയായതിനാല്‍ കരുതലോടെയായിരുന്നു നീക്കം. ഉദ്യോഗസ്ഥരോട് പരാതിക്കാരനില്‍ നിന്നു പരാതി എഴുതി വാങ്ങാന്‍ ആവശ്യപ്പെട്ടു. പണം ആവശ്യപ്പെട്ടത് എങ്ങനെ, എന്തിന് തുടങ്ങിയവ റെക്കോഡായി രേഖപ്പെടുത്തി. പിന്നാലെ ഇന്‍റലിജന്‍സിനോട് നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. 

കോണ്‍ഫിഡന്‍ഷ്യലാകണമെന്നു വിജിലന്‍സ് ഡയറക്ടര്‍

ഐ.ഒ.സി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിന്‍റെ ഓരോ നീക്കങ്ങളും വിജിലന്‍സ് ഇന്‍റലിജന്‍സ് വിഭാഗം  നിരീക്ഷിച്ചു. പരാതിക്കാരന്‍ കൊല്ലം കടയ്ക്കലിലെ ഗ്യാസ് ഏജന്‍സി ഉടമ മനോജിനെ വിളിക്കുന്ന എല്ലാ ടെലിഫോണ്‍ കോളുകളും റെക്കോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു. അലക്സിന്‍റെ കോളുകളെല്ലാം വിജിലന്‍സിനു കൈമാറി. മൊബൈല്‍ ടവര്‍ റേഞ്ചിനു കീഴിലുള്ള വിജിലന്‍സ് എസ്.പി മാര്‍ക്ക് നിര്‍ദേശം നല്‍കി. ബാങ്ക് നിക്ഷേപങ്ങളും ,ബിസിനസും പരിശോധിച്ചു. എന്തായാലും പണം വാങ്ങാനായി ഇയാള്‍ എത്തുമെന്നു വിജിലന്‍സ് ഉറപ്പിച്ചു. മാത്രമല്ല ഇതിനു മുന്‍പും പലരില്‍ നിന്നും വിലപേശി തന്നെ അലക്സ് പണം വാങ്ങിയെന്നും വിജിലന്‍സ് ഉറപ്പിച്ചു. ഇവരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സമീപിച്ചെങ്കിലും കേസിനില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. ബസിനസ് ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണെന്നും ഇവരെ പിണക്കി മുന്നോട്ടു പോകാനാവില്ലെന്നും അറിയിച്ചു. ഇതോടെ ഇവരെ വിട്ടു വീണ്ടും അലക്സിനു പിന്നാലെ കൂടി. ഇതിനിടയിലാണ് അലക്സ് എറണാകുളത്ത് നിന്നു തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചത്. ഇതോടെ സ്ട്രിക്റ്റിലി കോണ്‍ഫിഡന്‍ഷ്യലാകണമെന്നു വിജിലന്‍സ് ഡയറക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി

യാത്രക്കിടയിലെ ഫോണ്‍കോള്‍ നിര്‍ണായകമായി

തിരുവനന്തപുരം യാത്രയ്ക്കിയെ അലക്സ് മാത്യു മനോജിനെ വിളിച്ചു പണത്തിന്‍റെ കാര്യം വീണ്ടും ആവശ്യപ്പെട്ടു. പൂജപ്പുരയിലെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റ് തലവന്‍    ഷിബു പാപ്പച്ചന്‍റെ നേതൃത്വത്തിലുള്ള സംഘം സര്‍വസജ്ജമായി. രണ്ടു ലക്ഷം കൈമാറാന്‍ റെഡിയാക്കി. എങ്ങനെ, എപ്പോള്‍ കൈമാറണമെന്നുള്ള ട്യൂഷന്‍ ക്ലാസ് തന്നെ സംഘം മനോജിനു നല്‍കി. പിന്നെയെല്ലാം എഴുതി തയ്യാറാക്കിയ തിരക്കഥ പോലെ മുന്നോട്ടുപോയി. പണം കൈമാറിയുടന്‍ വിജിലന്‍സ് സംഘം ചാടിവീണു. ക്ലൈമാക്സില്‍ അലക്സ് മാത്യു അകത്തായി

തിരുവനന്തപുരത്ത് മാത്രമല്ല, കൊച്ചിയിലും അലര്‍ട് 

തിരുവനന്തപുരത്ത് അലക്സ് അകത്താകുമ്പോള്‍ കൊച്ചിയിലും ടീമിനെ റെഡിയാക്കിയിരുന്നു, വീട്ടിലും ഓഫിസിലും  ഒരേസമയം റെയ്ഡ് നടത്തി.